- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ചൂട് അനുഭവപ്പടുന്നത് 45 ഡിഗ്രി വരെ; വരാനിരിക്കുന്നതു കൊടും ചൂടെന്നും മുന്നറിയിപ്പ്; ജനങ്ങൾ മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്; അതീവ ജാഗ്രത വേണമെന്നു ഡോക്ടർമാരും
അബുദാബി: യുഎഇ ചുട്ടുപൊള്ളുന്നു. വരാനിരിക്കുന്നത് അതികഠിന ചൂട്. വെള്ളിയാഴ്ച യുഎഇയിൽ അനുഭവപ്പെട്ട കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിച്ച് കൊടുംചൂടിൽ നിന്നു രക്ഷ നേടണമെന്ന് ഡോക്ടർമാർ ഓർമിപ്പിച്ചു.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനമോടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂടേൽക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കും. ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കും.
ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയുന്നതും ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകും. അതിനാൽ കൊടും ചൂടുള്ള സമയത്ത് ബീച്ചിലും പാർക്കിലും പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.പ്രതിരോധ ശേഷി കുറഞ്ഞ പ്രായമായവരും കുട്ടികളും കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അത്യാവശ്യം പുറത്തു പോകേണ്ടിവന്നാൽ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം.
ചൂട് കാലത്ത് ഇറുകിയ സിൽക്ക് വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ പരുത്തി വസ്ത്രമാണു ധരിക്കേണ്ടത്. ചർമരോഗങ്ങൾ കൂടാൻ സാധ്യത ഉള്ളതിനാൽ വിയർപ്പുള്ള വസ്ത്രം മാറ്റി കഴുകി ഉണക്കി ഇസ്തിരിയിട്ടശേഷം ഉപയോഗിക്കാം. 2 നേരം കുളിക്കുന്നത് ശരീരത്തിലെ താപനില ക്രമീകരിക്കാൻ നല്ലതാണ്. പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ഓരോ വ്യക്തിയുടെ ഉയരവും ഭാരവും വ്യായാമവും ജീവിത ശൈലി രോഗങ്ങളുമെല്ലാം കണക്കിലെടുത്താണ് ഹെൽത്തി ഡയറ്റ് ഒരുക്കേണ്ടത്.
കൃത്യമായ വ്യായാമവും ഉറക്കവും വേണം. ദിവസേന കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കണം. പുകവലി ഒഴിവാക്കാം. നിർജലീകരണം, സൂര്യാഘാതം തുടങ്ങി കടുത്ത ആരോഗ്യപ്രശ്‌നത്തിനു കാരണമാകുന്നതിനാൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ചൂടുകാലത്ത് ടയർപൊട്ടിയും എൻജിൻ ചൂടായും ഉള്ള അപകടം വർധിക്കാൻ സാധ്യത ഉള്ളതിനാൽ വാഹനം സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയ ശേഷമേ ദീർഘദൂര യാത്രയ്ക്ക് പുറപ്പെടാവൂ. കാലാവധി കഴിഞ്ഞ ടയർ ഉപയോഗിച്ചു യാത്ര ചെയ്യുന്നതു സുരക്ഷിത യാത്രയ്ക്കു ഭീഷണിയാണ്. വേനൽകാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളിൽ 5% ടയർപൊട്ടിയാണെന്നു പൊലീസ് അറിയിച്ചിരുന്നു. നിലവാരമുള്ള ടയർ ഉപയോഗിച്ചാൽ അത്തരം അപകടം ഒഴിവാക്കാം.
മറുനാടന് മലയാളി ബ്യൂറോ