ദുബായ്: ടൂറിസം മേഖലയിലും ജനസാന്ദ്രതയിലും ഏറെ മുന്നോക്കം പായുന്ന യുഎഇയിൽ പുതിയ പത്തു മാളുകൾ നിർമ്മിക്കാൻ മജീദ് അൽ ഫുട്ടൈം കമ്പനി. 30 മില്യൺ ദിർഹത്തിന്റെ നിക്ഷേപ പദ്ധതി ഒരുങ്ങുന്നതോടെ 170,000 പേർക്ക് തൊഴിൽ സാധ്യത കൂടി സൃഷ്ടിക്കപ്പെടുകയാണെന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.

പ്രാദേശിക ചില്ലറവ്യാപാര രംഗത്തും , ഭവന, ഹോട്ടൽ രംഗത്തുമാകും നിക്ഷേപം. 2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നിക്ഷേപം നടപ്പാക്കാനാണ് ഉദ്ദേശ്യം. സിറ്റി സെന്റർ ബ്രാൻഡിന്റെ കീഴിലാണ് പത്തു ഷോപ്പിങ് മാളുകളും പണിയുന്നത്. ഇതിൽ ദുബായിൽ ഒരു പ്രാദേശിക മാളും ഉൾപ്പെടുന്നുണ്ട്.

ഷാർജയിൽ നിലവിലുള്ള അൽ സാഹിയ കമ്യൂണിറ്റി ഡെവപ്‌മെന്റിനു സമീപം ഒരു സൂപ്പർ റീജണൽ മാളും പദ്ധതിയിൽ ഉൾപ്പെടുന്നു. മാളുകൾ കൂടാതെ ഹോട്ടൽ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഗ്ലോബൽ വില്ലേജിന് സമീപമായിരിക്കും ഇത്.
അടുത്ത രണ്ട് പതിറ്റാണ്ട് കൊണ്ട് രാജ്യത്ത് 200000 തൊഴിലവസരങ്ങളുണ്ടാകുമെന്നും കമ്പനി സിഇഓ മജീദ് അൽ ഫുട്ടെയ്മം പറഞ്ഞു. കമ്പനി പദ്ധതിക്കുള്ള സ്ഥലങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.