അബുദാബി: മൂന്ന് വർഷം മുമ്പ് മലയാളിയായ വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ മരണപ്പെട്ട സംഭവത്തിൽ സ്‌കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം കോടതിയും ശരിവെച്ചു. മൂന്നു വർഷം മുൻപാണ് അബുദാബി അൽ വുറൂദ് അക്കാദമിയിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥിനിയായിരുന്ന നിസാഹ അല സ്‌കൂൾ ബസിൽ വെച്ച് മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് അൽ വുറൂദ് അക്കാദമി 

സ്‌കൂൾ അടച്ചുപൂട്ടാൻ അബുദാബി എജ്യൂക്കേഷൻ കൗൺസിൽ(അഡെക്ക്) തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സ്‌കൂൾ അധികൃതർ അപ്പീൽ കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചു. സ്റ്റേ നൽകിയതിനെതിരെ അഡെക്ക് വീണ്ടും അബുദാബി കാസ്സേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അബുദാബി കാസ്സേഷൻ കോടതിയാണ് സ്‌കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം ശരിവെച്ച് ഉത്തരവിറക്കിയത്.

കണ്ണൂർ പഴയങ്ങാടി സ്വദേശി നസീർ അഹമ്മദിന്റെയും, നബീലയുടെയും മകളായിരുന്നു നിസാഹ അല മൂന്നു വർഷം മുൻപാണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ മരിക്കാനിടയായ സംഭവത്തിൽ കൈപ്പിഴവ് സംഭവിച്ച തല്ലെന്നും, കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സ്‌കൂളിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായതെന്നുമാണ് അഡെക്ക് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡെക്ക് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് സകൂൾ അടച്ചുപൂട്ടാനും, ലൈസൻസ് സസ്പെൻഡ് ചെയ്യാനും അഡെക്ക് തീരുമാനമെടുത്തത്.

സ്‌കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ അൽ വുറൂദ് അക്കാദമി ആദ്യം അബുദാബി അഡ്‌മിനിസ്ട്രേറ്റീവ് കോർട്ടിൽ കേസ് നൽകിയെങ്കിലും, കോടതി അഡെക്ക് തീരുമാനത്തിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. തുടർന്ന് അപ്പീൽ കോടതിയെ സമീപിച്ചാണ് സ്‌കൂൾ അധികൃതർ സ്റ്റേ സ്വന്തമാക്കിയത്. അപ്പീൽ കോടതിയുടെ സ്റ്റേയ്ക്കെതിരെയാണ് അഡെക്ക് അബുദാബി കാസ്സേഷൻ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കാസ്സേഷൻ കോടതി സ്‌കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം ശരിവെയ്ക്കുകയായിരുന്നു.