ദുബൈ: ഹാക്കർ ഭീഷണിയെ തുടർന്ന് യുഎഇ ബാങ്കുകൾ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ ശക്തമാക്കലിന്റെ ഭാഗമായി ചില ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ മാറ്റി നൽകി തുടങ്ങി. രണ്ടു ബാങ്കുകൾ ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്ത് മാറ്റി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ചില ഉപയോക്താക്കൾക്ക് കാർഡ് ബ്ലോക്ക് ചെയ്തത് മുൻകരുതൽ നടപടികളുടെ ഭാഗമാണെന്ന് സന്ദേശം നൽകിയിട്ടുണ്ട്. വൈകാതെ ക്രെഡിറ്റ് കാർഡ് മാറ്റി നൽകുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

മൊബൈൽ ബാങ്കിങ്ങാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യമെന്ന് ഓൺലൈൻ സുരക്ഷാ സ്ഥാപനമായ കസ്‌പേസ്‌കി ലാബ് വ്യക്തമാക്കിയുന്നു. നേരത്തെയുള്ള ട്രോജൻ വേർഷൻ 29 ബാങ്കിങ് അപ്ലിക്കേഷനുകളെ ആക്രമിക്കാൻ ശേഷിയുള്ളതായിരുന്നു.എന്നാൽ ഈ വർഷം രണ്ടാം പാദത്തിൽ പുറത്തുവന്ന പരിഷ്‌കരിച്ച പതിപ്പ് 114 അപ്ലിക്കേഷനുകൾക്ക് ഭീഷണിയാണ്. നാലിരട്ടിയോളം ശക്തി വർധിപ്പിച്ചാണ് പുതിയ വൈറസ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ പാസ്വേഡുകൾ മോഷ്ടിക്കുകയാണ് ഇവയുടെ ലക്ഷ്യം.

കസ്‌പേസ്‌കി ലാബ് പുറത്തുവിട്ട കണക്കനുസരിച്ച് ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകളിൽ കടന്നുകയറി പണം മോഷ്ടിക്കാനുള്ള 5,900,000 ശ്രമങ്ങളാണ് നടന്നിരിക്കുന്നത്. അതേസമയം ഭീഷണി ചെറുക്കാൻ ക്രെഡിറ്റ് കാർഡ് സംരംഭങ്ങൾ കൂടുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്.