ദുബായ്: ഗൾഫ് രാജ്യങ്ങളിലിരുന്ന സോഷ്യൽ മീഡിയയിൽ കരുതലോടെ മാത്രമേ അഭിപ്രായ പ്രകടനം നടത്താനാകൂവെന്നതായിരുന്നു സ്ഥിതി. ചെറിയ തെറ്റിന് വലിയ ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇതിന് മാറ്റം വരികയാണ്. സൈബർ കുറ്റവാളികളെ നാടുകടത്താനുള്ള നിയമത്തിൽ യുഎഇ ഭേദഗതി വരുത്തുകയാണ്. ഇതോടെ ഗൾഫിൽ സോഷ്യൽ മീഡിയ ഇടപെടലും കൂടുതൽ സജീവമാകും.

ഇന്റർനെറ്റ് വഴി ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ എന്നിവയ്ക്കു ജയിൽവാസമോ നാടുകടത്തലോ നിർബന്ധിത ശിക്ഷയായി നടപ്പാക്കില്ലെന്നാണ് ഭേദഗതി. എന്നാൽ കുറ്റവാളിയെ സമൂഹമാധ്യമം ഉപയോഗിക്കുന്നതിൽനിന്നു കോടതി തീരുമാനിക്കുന്ന നിശ്ചിത കാലയളവിലേക്കു വിലക്കുകയോ നിരീക്ഷണം ഏർപ്പെടുത്തുകയോ ചെയ്യാം. ഇതോടെ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങളുടെ പേരിലെ പീഡനം ഗൾഫിൽ അവസാനമാവുകയാണെന്നാണ് വിലയിരുത്തൽ.

എന്നാൽ ഓൺലൈനിലൂടെയുള്ള ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിർബന്ധിക്കൽ, വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നിവ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇപ്പോഴും ക്രിമിനൽ കുറ്റങ്ങളായി തന്നെയാണ് പരിഗണിക്കുന്നതെന്നും ഇതിനു നാടുകടത്തലും തടവും ലഭിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ വരെ കിട്ടിയേക്കാവുന്ന കുറ്റങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ഇത്തരം ഇടപെടലുകൾ ഇനിയും കുറഞ്ഞിരിക്കുമെന്നാണ് യുഎഇ സർക്കാരിന്റെ നിലപാട്.

ക്രിമിനൽ പശ്ചാത്തലമില്ലാത്ത പലർക്കും ഇതൊരു ആശ്വാസകരമായ ഭേദഗതിയാണെന്ന് ഇത്. നിയമഭേദഗതി വരുത്തിയതിലൂടെ നാടുകടത്തൽ, ജയിൽശിക്ഷ എന്നിവ ജഡ്ജിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്നതായി. മുൻപ് അങ്ങനെയായിരുന്നില്ല. ജയിൽശിക്ഷയും നാടുകടത്തലും അനിവാര്യമായിരുന്നു. തന്റെ മുൻ തൊഴിൽദാതാവിനെ ഈമെയിലിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കനേഡിയൻ പൗരനെ നാടുകടത്താൻ വിധിച്ചതു പുതിയ ഭേദഗതിയിലൂടെ കോടതി ഒഴിവാക്കുകയും ചെയ്തു. ഇതാണ് വഴി തിരിവായിത്.

സമൂഹമാധ്യമങ്ങൾ വഴിയുള്ള അപമാനിക്കലും ഭീഷണിപ്പെടുത്തലും ആദ്യമായി നടത്തുന്നവർക്കുമേൽ നിരീക്ഷണമോ നിയന്ത്രണമോ ഏർപ്പെടുത്തുന്നതു ശരിയായ ചുവടുവയ്പാണെന്നാണ് വിലയിരുത്തൽ. വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് ശിക്ഷ ഏർപ്പെടുത്തിയ യുഎഇ, അമേരിക്കയെപ്പോലെ ഇങ്ങനെ നടപടിയെടുത്ത മേഖലയിലെ ആദ്യരാജ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.