അബുദാബി : യു.എ.ഇയിൽ ഡ്രൈവിങ് ലൈസൻസിന് പുതിയ നിമങ്ങൾ വരുന്നു. നിലവിലുള്ള നിയമം ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പുതിയ നിയമപ്രകാരം എമിറേറ്റി പൗരന്മാർ തങ്ങളുടെ ലൈസൻസ് 10 വര്ഷം കൂടുമ്പോഴും, പ്രവാസികൾ അഞ്ചു വര്ഷം കൂടുമ്പോഴും പുതുക്കണം.കൂടാതെ കൃത്യമായ കൃത്യമായ അനുമതിയോ ലൈസൻസോ കൂടാതെ മോട്ടോർബൈക്ക്, ഇലക്ട്രിക്ക് സ്‌കൂട്ടർ, ട്രൈസിക്കിൾ,ക്വാഡ് ബൈക്ക് തുടങ്ങിയവ ഓടിക്കാൻ പാടില്ല.

മാത്രമല്ല റെസിഡൻഷ്യൽ പ്രദേശത്ത് വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. സ്‌കൂൾ പരിസരത്തിലൂടെയും ആശുപത്രിക്ക് സമീപത്ത് കൂടിയും നടന്ന് പോകുന്നവർക്ക് അപകടം വരുത്താത്ത രീതിയിൽ വണ്ടി ഓടിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അമിതമായ ശബ്ദ മലിനീകരണമുണ്ടാക്കരുതെന്ന് താക്കീത്
നൽകിയിട്ടുണ്ടെന്നും മേജർ ജനറൽ സൈഫ് അൽ സഫീൻ വ്യക്തമാക്കി. കൂടാതെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ 400 ദിർഹം ഫൈൻ നൽകേണ്ടി വരും. അപകടങ്ങൾ കുറക്കാനാണ് പുതിയ നിയമങ്ങൾ കൊണ്ട് വരുന്നതെന്ന് മേജർ ജനറൽ സൈഫ് അൽ സഫീൻ കൂട്ടിച്ചേർത്തു.

ഇതുവരെ 21 വയസ്സ് പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും പത്ത് വർഷത്തെ കാലാവധിയിലായിരുന്നു ലൈസൻസ് അനുവദിച്ചിരുന്നത്. 21 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷ കാലാവധിയിലുമാണ് ലൈസൻസ് നൽകിയിരുന്നത്. 21 വയസ്സ് പൂർത്തിയാകുന്നത് വരെ ഇവർ ഓരോ വർഷവും ലൈസൻസ് പുതുക്കിക്കൊണ്ടിരിക്കണം. പുതിയ നിയമത്തോടെ പ്രവാസികൾ പത്ത് വർഷത്തിനിടെ രണ്ട് തവണ ലൈസൻസ് പുതുക്കിയിരിക്കണം. പുതുക്കൽ നടപടികൾ ഇപ്പോൾ വളരെ എളുപ്പമാണ്. ഓൺലൈനിൽ അപേക്ഷിച്ചാൽ ഒന്നുരണ്ട് പ്രവൃത്തി ദിനം കൊണ്ട് ലൈസൻസ് പുതുക്കാം.