ഷാർജ: സഹോദരിക്കൊപ്പം സന്ദർശക വിസയിലെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടിൽ എ.കെ. സുഗതന്റെ മകൻ ഉണ്ണികൃഷ്ണൻ ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 33 വയസായിരുന്നു പ്രായം.

രണ്ടു മാസം മുൻപാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണൻ ഷാർജ സൗദി പള്ളിക്കു സമീപം താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ നിന്നു വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്നു പറഞ്ഞ് ഒന്നാംനിലയിലെ ഫ് ളാറ്റിൽ നിന്ന് ഇറങ്ങിയതായിരുന്നു.

പിന്നീട് സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണികൃഷ്ണൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഷാർജയിൽ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. കുവൈത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.