ദുബായ്: ഇസ്റാഅ് മിഅ്റാജ് അവധി പ്രമാണിച്ച് 23-ന് ഞായറാഴ്ച ദുബായിൽ ആർ.ടി.എ. ഉപഭോക്തൃ സേവന കേന്ദ്രങ്ങൾക്ക് അവധിയായിരിക്കും. അന്നെദിവസം എമിറേറ്റിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർ.ടി.എ.) അറിയിച്ചു. മത്സ്യമാർക്കറ്റ്, ബഹുനില പാർക്കിങ്ങുകൾ എന്നിവിടങ്ങളിൽ ഇളവ് ബാധകമല്ല.

അവധിദിനത്തിലെ തിരക്ക് പരിഗണിച്ച് ബസ്, മെട്രോ, ട്രാം തുടങ്ങിയവയുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായും കോർപ്പറേറ്റ് കമ്യൂണിക്കേഷൻവിഭാഗം ഡയറക്ടർ മോസ അൽ മർറി അറിയിച്ചു. മെട്രോ റെഡ് ലൈൻ രാവിലെ 5.30-നും ഗ്രീൻ ലൈൻ 5.50-നും
തുടങ്ങി അർധരാത്രി വരെ തുടരും. ട്രാം രാവിലെ ആറ് മുതൽ പിറ്റേന്ന് വെളുപ്പിന് ഒന്നുവരെ ഓടും.

അൽ ഗുബൈബ, ഗോൾഡ് സൂഖ് ബസ് സ്റ്റേഷനുകളിൽ രാവിലെ നാലര മുതൽ അർധരാത്രി വരെ ബസുകൾ ഓടും. സത്വ സ്റ്റേഷനിൽ അഞ്ച് മണിക്ക് മുമ്പായും ഖിസൈസ് സ്റ്റേഷൻ 4.30-നും അൽ ഖൂസ് വ്യവസായ മേഖല, ജബൽ അലി സ്റ്റേഷനുകൾ രാവിലെ അഞ്ചിനും ഓട്ടം തുടങ്ങും. ഇവയിൽ ഖിസൈസ്, ജബൽ അലി സ്റ്റേഷനുകൾ അർധരാത്രി വരെയും മറ്റുള്ളവ 11.30 വരെയും തുടരും. റാഷിദിയ്യ ബസ് ഫീഡർ സ്റ്റേഷനുകളിൽ പുലർച്ചെ അഞ്ച് മുതൽ അർധരാത്രി 12.20 വരെ ബസുകൾ സർവീസ് നടത്തും.

അൽ ഗുബൈബയടക്കമുള്ള പ്രധാനസ്റ്റേഷനുകളിൽ നിന്ന് ഷാർജ ജുബൈലിലേക്കുള്ള ഇന്റർസിറ്റി ബസുകൾ ഞായറാഴ്ച 24 മണിക്കൂറും സർവീസ് നടത്തും. അബുദാബിയിലേക്കുള്ളവ പുലർച്ചെ 4.30 മുതൽ അർധരാത്രിവരെ ഓടും. യൂണിയൻ സ്‌ക്വയറിൽനിന്നുള്ള ഇന്റർസിറ്റി ബസുകൾ രാവിലെ 4.35 മുതൽ പിറ്റേന്ന് വെളുപ്പിന് 1.25 വരെയും സബ്ക സ്റ്റേഷനിൽ രാവിലെ 6.15 മുതൽ പിറ്റേന്ന് 1.30 വരെയും ദേര സിറ്റി സ്റ്റേഷനിൽ 5.35 മുതൽ 11.30 വരെയും കറാമ സ്റ്റേഷനിൽ 6.10 മുതൽ രാത്രി 10.20 വരെയും അൽ അഹ് ലി ക്ലബ് സ്റ്റേഷനിൽ നിന്നുള്ളവ 5.55 മുതൽ രാത്രി 10.15 വരെയും സർവീസ് നടത്തും.

ഷാർജ അൽ താവൂണിൽനിന്നുള്ള ഇന്റർസിറ്റി ബസുകൾ 5.30-ന് തുടങ്ങി രാത്രി 10 വരെയും ഫുജൈറ സ്റ്റേഷനിൽനിന്ന് 5.20 മുതൽ ഒമ്പത് വരെയും അജ്മാൻ സ്റ്റേഷനിൽനിന്നുള്ളവ 4.27 മുതൽ 11 വരെയും ഹത്ത സ്റ്റേഷനിൽനിന്ന് 5.30 മുതൽ 9.30 വരെയും സർവീസ് നടത്തും.

വാട്ടർ ബസ് അടക്കമുള്ള ബോട്ട് സർവീസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. ഞായറാഴ്ച അബ്രകൾ രാവിലെ 10 മുതൽ അർധരാത്രി വരെയാണ് സർവീസ് നടത്തുക. ബുർജ് ഖലീഫയിലെ ഇലക്ക്ട്രിക് അബ്രകൾ വൈകീട്ട് ആറുമുതൽ 11 വരെ സർവീസ് നടത്തും. മംസാറിൽ ഉച്ചയ്ക്ക് രണ്ട് മുതൽ അർധരാത്രിവരെയാണ് സമയം. ജദ്ദാഫിൽ രാവിലെ ഏഴിന് തുടങ്ങി അർധരാത്രി വരെ യാത്രക്കാരെ കടത്തും. അറ്റ്ലാന്റിസിലെ അബ്രകൾ ഞായറാഴ്ച സർവീസ് നടത്തില്ല.