ദുബായ് : സാമ്പത്തിക ക്രമക്കേടിനെ തുടർന്നു പ്രതിസന്ധിയിലായ യുഎഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി.ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായശേഷം യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കും. ഇന്ത്യൻ വ്യവസായി ബി. ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനമാണ് യുഎഇ എക്‌സ്‌ചേഞ്ച്.

ഇസ്രയേൽ കമ്പനി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷ്യൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്‌ണേഴ്‌സും ചേർന്നുള്ള കൺസോർഷ്യം കഴിഞ്ഞ വർഷം ഡിസംബറിലാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചത്.

തുടർന്ന് കൺസോർഷ്യം വിസ് ഫിനാൻഷ്യൽ എന്ന പേരിലേക്കു മാറി. ഏറ്റെടുക്കൽ നടപടിയുടെ ഏറ്റവും പ്രധാനഘട്ടമായിരുന്നു സെൻട്രൽ ബാങ്കിന്റെ അനുമതി. കമ്പനി വീണ്ടെടുക്കുന്നതിന്റെ പ്രധാന നടപടിയാണിതെന്ന് ഫിനാബ്ലർ ഗ്രൂപ്പ് സിഇഒ റോബ് മില്ലെർ പറഞ്ഞു. 100 കോടി ഡോളറിന്റെ വായ്പ ഫിനാബ്ലർ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് മറച്ചുവച്ചതായി നേരത്തേ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടിയെന്നും വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും പരാതിയുയർന്ന സാഹചര്യത്തിൽ 2020 ഫെബ്രുവരിയിൽ ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബ്രിട്ടിഷ് ടാക്‌സ് അഥോറിറ്റി ഫിനാബ്ലറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കിയിരുന്നു.