യുഎഇയിൽ അടുത്ത മാസത്തെ (മാർച്ച്) ഇന്ധന വില ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിന് വില കുറഞ്ഞപ്പോൾ ഡീസലിന് നേരിയ വർദ്ധനവ് ഉണ്ടായി. പെട്രോളിന് എട്ടു ശതമാനം വരെ വില കുറച്ചപ്പോൾ ഡീസലിന് രണ്ടു ശതമാനം വിലയാണ് വർധിപ്പിച്ചത് നാളെ അർധരാത്രി മുതൽ പുതിയ വില നിലവിൽ വരും.

ആഗോള വിപണിയിലെ വില നിലവാരമനുസരിച്ചാണ് അടുത്തമാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സ്‌പെഷ്യൽ ഗ്രേഡ് പെട്രോൾ ലിറ്ററിന് 1.36 ദിർഹവും സൂപ്പർ ഗ്രേഡ് പെട്രോളിന് 1.47 ദിർഹവുമാണ് വില. നിലവിൽ സ്‌പെഷ്യലിന് 1.47 ദിർഹവും സൂപ്പറിന് 1.58 ദിർഹവുമാണ് നിരക്ക്. ലിറ്ററിന് 1.40 ദിർഹം വിലയുള്ള ഇ പഌ് ഗ്രേഡിന്റെ വില അടുത്തമാസം 1.29 ദിർഹവുമായി കുറിച്ചു. ഡീസൽ വില 1.37 ദിർഹത്തിൽ നിന്ന് 1.40 ആയി ഉയരും. പുതുക്കിയ വില തിങ്കളാഴ്ച അർധരാത്രി പ്രാബല്യത്തിൽ വരും.

ഊർജ്ജ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മതാർ അൽ ന്യാദിയുടെ അധ്യക്ഷതയിലുള്ള ഇന്ധന വില നിർണയ സമിതിയാണ് അബൂദബിയിൽ യോഗം ചേർന്ന് മാർച്ചിലെ വില പുതുക്കി നിശ്ചയിച്ചത്. ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഖൗറി, അഡ്‌നോക് സിഇഒ അബ്ദുല്ല സലീം അൽ ധഹേരി, ഇനോക് സിഇഒ സൈഫ് അൽ ഫലാസി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. രാജ്യത്ത് 2015 ഓഗസ്റ്റ് മുതലാണ് ഇന്ധനവില നിയന്ത്രണം നീക്കി ഓരോമാസവും ഇന്ധനവില നിശ്ചയിക്കുന്ന രീതി നിലവിൽ വന്നത്.