ദുബായ്: ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ യു.എ.ഇ.യിലെ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത് ഏകദേശം 23,000 കോടി രൂപ. യു.എ.ഇ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ വിദേശികൾ രാജ്യത്തിന് പുറത്തേക്കയച്ചത് 65,000 കോടി രൂപയാണ്. ഇതിൽ ഏറ്റവും കൂടുതൽ പണമയച്ചിരിക്കുന്നത് യു.എ.ഇ.യിലെ ഇന്ത്യക്കാരാണ്. മൊത്തം തുകയുടെ 34 ശതമാനം അതായത് ഏകദേശം 23,000 കോടി രൂപയാണിത്.

പാക്കിസ്ഥാൻ സ്വദേശികളാണ് പണമയക്കുന്നവരിൽ ഇന്ത്യക്കു തൊട്ടു പുറകെയുള്ളത്. മൊത്തം തുകയുടെ ഒമ്പതുശതമാനമാണ് പാക്കിസ്ഥാനിലേക്ക് അയച്ചത്. മൂന്നാംസ്ഥാനത്തുനിൽക്കുന്ന ഫിലിപ്പീൻസിലേക്ക് മൊത്തം തുകയുടെ 7.3 ശതമാനവും അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എ.ഇ.യിൽ നിന്ന് പുറത്തേക്കുപോകുന്ന പണത്തിൽ ഒരു ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്.

ടൂറിസം, വാണിജ്യം, ചില്ലറ വ്യാപാരം തുടങ്ങിയ എണ്ണയിതര മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ വർധനയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. അബുദാബിയിലെയും ദുബായിലെയും പദ്ധതികളുടെ മൂല്യം 42 ശതമാനമായാണ് വർധിച്ചിരിക്കുന്നത്.

പുറത്തേക്കയക്കുന്ന പണത്തിന്റെ 75 ശതമാനവും പോകുന്നത് പണമിടപാട് സ്ഥാപനങ്ങളിലൂടെയാണ്. 25 ശതമാനം പേർ മാത്രമാണ് ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നത്. റംസാൻ മാസത്തിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും തുകയും ഇനിയുംകൂടുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു.