ദുബൈ: ദുബൈ ചൂട് കൂടിയതോടെ തൊഴിലാളികൾ ദുരിതത്തിൽ. നിർമ്മാണ ജോലിയിലേർപെട്ടിരുന്ന 10 തൊഴിലാളികൾ കടുത്ത ചൂടിനെ തുടർന്ന് തളർന്ന് വീണതായി സെവൻഡേയ്‌സ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ചൂടു കടുത്തതോടെ തൊഴിലാളികളെ സംരക്ഷിക്കാൻ തൊഴിൽ മന്ത്രാലയവും ഹെൽത്ത് അതോറിററ്റിയും കൈകോർക്കുന്നു. മന്ത്രാലയത്തിന്റെ ഇക്കൊല്ലത്തെ ഉച്ചവിശ്രമം നിയമം കർശനമായി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

ജൂൺ 15 മുതൽ സ്‌പെറ്റംബർ 15 വരെയാണു ഉച്ചവിശ്രമം നൽകുക. ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം മൂന്നുവരെ തൊഴിലാളികൾക്കു പൂർണ വിശ്രമം നൽകണമെന്നാണു നിയമം. ഇതു ലംഘിക്കുന്ന തൊഴിലുടമകൾക്കു 15,000 ദിർഹം പിഴ ചുമത്തും. നിയമം തൊഴിലുടമകൾ കർശനമായി പാലിക്കുന്നതിനായി ബോധവൽകരണ പദ്ധതികൾക്കാണു മന്ത്രാലയവും
ഹെൽത്ത് അഥോറിറ്റിയും മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായി ആറായിരം തൊഴിലിടങ്ങളിൽ തൊഴിലാളികൾക്കു സൂര്യാതപം ഏൽക്കാതിരിക്കാനുള്ള പദ്ധതികൾ നടപ്പാക്കും.

2611 ലേബർ ക്യാംപുകളിലും പരിപാടികൾ ആവിഷ്‌കരിക്കും. ഏഴു ലക്ഷം തൊഴിലാളികൾക്കു ആശ്വാസമേകുന്ന വ്യത്യസ്ത പദ്ധതികൾക്കാണു ഹെൽത് അഥോറിറ്റി നേതൃത്വം നൽകുകയെന്നു പൊതു ആരോഗ്യ വകുപ്പ് ആക്ടിങ് ഡയക്ടർ ഡോ. ഫരീദ അൽഹൂസ്‌നി പറഞ്ഞു. തൊഴിലാളികൾക്കു സൂര്യാതപമേൽക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഉഷ്ണകാല ആരോഗ്യ പ്രശ്‌നങ്ങളെ ഗൗരവ പൂർവം ഗൗനിക്കണമെന്നാണു അധികൃതരുടെ നിർദ്ദേശം.