ദുബായ്: അന്താരാഷ്ട്ര വിലനിലവാരത്തിന് അനുസൃതമായി പുതുക്കിയ ഇന്ധനനിരക്ക് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തേക്കുള്ള വിലയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഏറെ ജനകീയമായ സ്‌പെഷൽ പെട്രോളിന്റെ വില ലിറ്ററിന് 42 ഫിൽസ് വർധനയോടെ 2.14 ദിർഹമായി നിശ്ചയിച്ചു. ഡീസലിന് 30 മുതൽ 85 ഫിൽസ് വരെ കുറയുകയും ചെയ്യും.

പെട്രോൾ സൂപ്പറിന് 2.25 ദിർഹവും ഇപ്ലസിന് 2.07 ദിർഹവും ചുമത്തും. പുതിയ നിരക്ക് പ്രകാരം ഡീസൽവില താഴും. 2.05 ദിർഹമാണ് ആഗസ്തിൽ ഡീസലിന് ഈടാക്കുക. ദുബായിയിലും വടക്കൻ എമിറേറ്റുകളിലും ഡീസലിന് 85 ഫിൽസിന്റെ വിലയിളവ് അനുഭവപ്പെടും. ഇവിടങ്ങളിൽ ഡീസലിന് 2.90 ദിർഹവും അബുദാബിയിൽ 2.35 ദിർഹവുമാണ് ഈടാക്കിയിരുന്നത്.
ഏറ്റവുമധികം ആളുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്‌പെഷൽ പെട്രോളിന്റെ നിലവിലുള്ള നിരക്ക് 1.72 ദിർഹമാണ്. 24.4 ശതമാനം അധികവിലയാണ് ആഗസ്‌തോടെ പ്രാബല്യത്തിൽ വരുന്നത്. സൂപ്പർ പെേട്രാളിന് 1.83 ദിർഹമാണ് നിലവിലുള്ള വില. പുതുക്കിയ നിരക്ക് പ്രകാരം 22.9 ശതമാനം വർധന. പെട്രോൾ ഇപ്ലസിന്റെ വിലയിൽ 28.6 ശതമാനം വർധനയുണ്ടാകും.

പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നിന് നിലവിൽ വരുമെന്ന് ഊർജമന്ത്രാലയം അറിയിച്ചു. ഇന്ധന വില നിയന്ത്രണം എടുത്തുകളയുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ആഗസ്തിലേക്കുള്ള നിരക്ക് പുനർനിശ്ചയിച്ചത്. അന്താരാഷ്ട്ര വിലയുടെ ശരാശരിയും ഇന്ധനക്കടത്തും യു.എ.ഇ.യിലെ വിതരണ ക്കമ്പനികളുടെ പ്രവർത്തനച്ചെലവും പരിഗണിച്ചാണ് എല്ലാ മാസവും വില പുനർനിശ്ചയിക്കുന്നത്.

സപ്തംബറിലെ നിരക്ക് ഓഗസ്റ്റ് 28ന് പ്രഖ്യാപിക്കും. ഊർജമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മത്താർ അൽ നയാദി അധ്യക്ഷനായുള്ള സമിതിക്കാണ് ഇതിന്റെ ചുമതല. വിലനിയന്ത്രണം എടുത്തുനീക്കിയതോടെ തത്ത്വത്തിൽ ഇന്ധനവിതരണ മേഖലയിൽ ഗവൺമെന്റ് അ
നുവദിച്ചിരുന്ന സബ്‌സിഡി തന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗവൺമെന്റ് സബ്‌സിഡിയോടെ കുറഞ്ഞ നിരക്കിലായിരുന്നു രാജ്യത്തിന് ഇന്ധന വിതരണം നടന്നിരുന്നത്. ഇത് വലിയതോതിലുള്ള സാമ്പത്തിക ബാധ്യതയാണ് ഗവൺമെന്റിന് ഉണ്ടാക്കിയിരുന്നത്.