കണ്ണൂർ: നിപ്പ വൈറസ് പനിയുടെ ഭീതിയിൽ കേരളത്തിലേക്ക് പോകുന്നതിന് യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തി. പനി മരണം വിതച്ച സാചചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര തൽക്കാലം ഒിവാക്കാൻ പ്രവാസി മലയാളികൾക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയിലാണ് ആയിരങ്ങൾ.

ദുബായിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് നാട്ടിലേക്ക് വരാനുള്ള അവധി പൂർണമായും നിഷേധിച്ചിരിക്കയാണ്. സർക്കാർ ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് അപ്രഖ്യാപിത യാത്രാനിരോധനം കർശനമാക്കിയിരിക്കുന്നത്. യു.എ.ഇ, ഖത്തർ, ബഹറിൻ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് സന്ദർശകവിസയെടുത്ത അവിടങ്ങളിലെ പൗരന്മാർക്കും യാത്രാവിലക്കുണ്ട്.

പനി പടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും തീർത്തും ഒഴിവാക്കാനാവില്ലെന്നാണെങ്കിൽ പ്രത്യേക മുൻകരുതൽ വേണമെന്നും ആരോഗ്യമന്ത്‌റാലയം ഓർമ്മിപ്പിക്കുന്നു. പെരുന്നാളിനു മുമ്പ് നാട്ടിലെത്താനായി അവധി തേടിയവരിൽ മലബാർ ജില്ലക്കാർ തന്നെ ആയിരക്കണക്കിന് വരും. അപകടസാദ്ധ്യത തിരിച്ചറിയണമെന്നും വിലക്ക് കണക്കിലെടുക്കാതെ തിരിച്ചാൽ ജോലി നഷ്ടപ്പെടാനിടയാകുമെന്നും മിക്ക സ്ഥാപനങ്ങളും ആവർത്തിച്ച് പറയുന്നുണ്ട്.

നേരത്തേ, നിപ്പ വൈറസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട കോഴിക്കോട്ടേക്ക് സർവീസ് നടത്താൻ പല വിമാനക്കമ്പനികളും മടി കാണിച്ചുതുടങ്ങിയിരിക്കുകയാണ്. നിപ്പയുടെ മറവിൽ അധികചാർജ് ചുമത്തി യാത്രക്കാരെ കൊള്ളയടിക്കുന്നുമുണ്ട് ചില കമ്പനികൾ.