യു.എ.ഇ: യുഎഇയിൽ ഇതുവരെ നിലനിന്നിരുന്ന 6 മാസത്തെ തൊഴിൽ വിലക്ക് നിർത്തലാക്കാൻ തൊഴിൽ മന്ത്രാലയം പുതിയ നിയമം പാസാക്കി. അറബിക് പത്രമായ അൽ ബയാനാണിത് റിപോർട്ട് ചെയ്തത്.തൊഴിലാളിയും തൊഴിലുടമയും തമ്മിൽ പരസ്പര ധാരണയോടെ തൊഴിൽ കരാർ അവസാനിപ്പിച്ച് വർക്ക് പെർമിറ്റ് റദ്ദ് ചെയ്യുകയാണെങ്കിൽ തൊഴിലാളിക്ക് മേൽ ആറു മാസത്തെ തൊഴിൽ നിരോധനം ഏർപ്പെടുത്തില്ലെന്ന് യുഎ.ഇ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2016 ജനുവരി മുതലാണ് ഈ വ്യവസ്ഥ നിലവിൽ വരിക.

ഇത് പ്രകാരം തൊഴിലാളി ആദ്യ ജോലിയിൽ രണ്ടു വർഷം തുടർന്നില്ലെങ്കിൽ പോലും പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ പുതിയ വർക്ക് പെർമിറ്റ് ഉടനെ തന്നെ മന്ത്രാലയം നൽകും.എന്നാൽ ലെവൽ 4,5 എന്നീ വിഭാഗങ്ങളിൽ പെടുന്ന തൊഴിലാളികൾ ആദ്യ സ്ഥാപനത്തിൽ ആറു മാസം പൂർത്തിയാക്കിയില്ലെങ്കിൽ ഈ ആനുകൂല്യം ലഭ്യമാകില്ല.

കഴിഞ്ഞ സെപ്റ്റംബരിൽ തൊഴിൽ മന്ത്രി സഖർ ഖോബാഷ് രൂപം നൽകിയിയ പുതിയ നിയമങ്ങളുടെ ഭാഗമായാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നത്. പുതിയ വർഷം മുതൽ ഈ വ്യവസ്ഥ നടപ്പിലാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ മന്ത്രാലയം പൂർത്തിയാക്കിയതായി മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വ്യവസ്ഥ നിലവിൽ വരുന്നതോടെ തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റിനായി കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാകുമെന്ന് തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ഹുമൈദ് റാഷിദ് ബിൻ ദിമാസ് അൽ സുവൈദി വ്യക്തമാക്കി. തൊഴിലിൽ രണ്ടുവർഷം പൂർത്തിയാക്കാക്കി യില്ലെങ്കിൽ പോലും തൊഴിലാളി സ്ഥാപനവുമായുള്ള തൊഴിൽ കരാർ അവസാനിപ്പിച്ച് വർക്ക് പെർമിറ്റ് റദ്ദ് ചെയ്താൽ ഉടൻ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ അനുമതി നൽകും.

നിലവിൽ രണ്ട് വർഷം പൂർത്തിയാക്കിയ പരസ്പര ധാരണയോടെ തൊഴിൽ അവസാനിപ്പിക്കുന്ന തൊഴിലാളികളെയും ഉടനെ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് അൽ സുവൈദി പറഞ്ഞു. വർക്ക് പെർമിറ്റ് റദ്ദ് ചെയ്യുന്ന തിയ്യതി മുതൽ ആറു മാസത്തിനു ശേഷം മാത്രമാണ് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവർക്ക് അനുവാദം നൽകുക.

എന്നാൽ പുതിയ നിയമ പ്രകാരം തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയോടെ തയ്യാറാക്കി ഒപ്പ് വച്ച തൊഴിൽ കരാറിലെ വ്യവസ്ഥകൾ രണ്ടു കക്ഷികളും പൂർണ്ണമായും പാലിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ സ്ഥാപനത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭ്യമാകുക. രണ്ടു വർഷം പൂർത്തിയാക്കിയില്ല എന്ന കാരണത്താൽ കഴിഞ്ഞ വർഷം ഏതാണ്ട് 340,000 തൊഴിലാളികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്ന് അൽ സുവൈദി പറഞ്ഞു. ഇത്തരം പരിചയ സമ്പന്നത തൊഴിൽ മേഖലക്ക് നഷ്ടമാകുന്നത് തടയാനാണ് പുതിയ വ്യവസ്ഥക്ക് രൂപം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.