തിരുവനന്തപുരം: ന്യൂഡൽഹിയിലെ എംബസിയും മുംബൈയിലെ കോൺസുലേറ്റും കഴിഞ്ഞാൽ ഇന്ത്യയിൽ യുഎഇയുടെ മൂന്നാമത്തെ നയതന്ത്ര കാര്യാലയം ഇന്നു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കു കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കോൺസുലേറ്റ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ജമാൽ ഹുസൈൻ അൽ സാബിയാണ് കോൺസൽ ജനറൽ. വിയറ്റ്‌നാമിൽ യുഎഇ എംബസി ഫസ്റ്റ് സെക്രട്ടറിയായിരുന്നു അൽ സാബി.

നിലവിൽ മുംബൈയിലെ യുഎഇ കോൺസുലേറ്റ് വഴി ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി തിരുവനന്തപുരത്തു ലഭ്യമാകും. യുഎഇയിലേക്കു പോകുന്നവരുടെ വീസ നടപടിക്രമങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയവ ഇനി തിരുവനന്തപുരം വഴിയാകും. യുഎഇയിൽ ജോലിക്കു പോകുന്നവർക്കുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും ഇനി തിരുവനന്തപുരത്തെ കോൺസുലേറ്റ് വഴി ലഭിക്കും. നിലവിൽ വീസ അനുവദിക്കാനും രേഖകൾ സാക്ഷ്യപ്പെടുത്താനും കേരളത്തിലുള്ളവർ അനുഭവിക്കുന്ന കാലതാമസവും ഒഴിവാകും. കോൺസുലേറ്റ് വരുന്നതോടെ യുഎയിൽ നിന്നും കേരളത്തിലെത്താനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും. കേരളത്തിൽ നിന്ന് യുഎഇയിലേയ്ക്കുള്ള സഞ്ചാരികൾക്കും കോൺസുലേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.

കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇനി സേവനം തിരുവനന്തപുരം കോൺസുലേറ്റ് വഴിയായിരിക്കും ലഭിക്കുക. അതതു സംസ്ഥാനങ്ങളിൽ കോൺസുലേറ്റിനു കീഴിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കോൺസുലേറ്റിൽ മുപ്പത്തഞ്ചിലേറെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നുള്ളവരും ഇന്ത്യൻ പൗരന്മാരും ജീവനക്കാരിലുണ്ട്. ഇവർക്കുള്ള പരിശീലനവും പൂർത്തിയാക്കിക്കഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ 2011ൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണു കോൺസുലേറ്റ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്കു തുടക്കമിട്ടത്. കഴിഞ്ഞ വർഷം ജൂണിലാണ് തിരുവനന്തപുരത്തു കോൺസുലേറ്റ് സ്ഥാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകിയത്. തിരുവനന്തപുരം മണക്കാട് ഫോർട്ട് പൊലീസ് സ്റ്റേഷനു സമീപമാണ് യുഎഇയുടെ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങുന്നത്. നാളെ മുതൽ വീസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും. ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടികളും ആരംഭിക്കും.

തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ ഇടപെടലാണ് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ ശശി തരൂർ ഇതിനായി ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സൗഹൃദങ്ങളും ഇതിന് കാരണമായി. തുടർന്നെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും നടപടിക്രമങ്ങളിൽ ശക്തമായി ഇടപെട്ടു. പ്രവാസി മലായാളികളുടെ പ്രശ്‌ന പരിഹാരം കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്.