ദുബായ്: എക്സ്പോ വേദിയിലേക്ക് നിർമ്മിക്കുന്ന റൂട്ട് 2020 മെട്രോ പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കായി ദുബായ് മെട്രോ സ്റ്റേഷന്റെ റെഡ് ലൈൻ വെള്ളിയാഴ്ച മുതൽ ഭാഗികമായി അടയ്ക്കും. ജുമേര ലേയ്ക്ക് ടവറിനും (ജെ.എൽ.ടി.) ഇബ്ൻ ബത്തൂത്തക്കുമിടയിലുള്ള മെട്രോ പാതയാണ് അടയ്ക്കുന്നത്. 2019 പകുതിയോടെ മാത്രമാണ് മെട്രോയുടെ ഈ ഭാഗത്തെ പ്രവർത്തനം പുനരാരംഭിക്കുകയുള്ളു.

ജെ.എൽ.ടി.ക്കും ഇബ്ൻ ബത്തൂത്തക്കും ഇടയിലുള്ള നഖീൽ ഹാർബർ ആൻഡ് ടവർ സ്റ്റേഷനും സമീപം ബഹുനില പാർക്കിങ് സമുച്ചയവും പൂർണമായും അടയ്ക്കും. 2020 പാതയുടെ നിർമ്മാണം തുടങ്ങുന്നത് ഈ സ്റ്റേഷനിൽനിന്നാണ്. പുതുതായി തുടങ്ങുന്ന റൂട്ട് 2020 സ്റ്റേഷനിലേക്ക് റെഡ് ലൈനിനെ ബന്ധിപ്പിക്കുന്നതും നഖീൽ ഹാർബർ ആൻഡ് ടവർ സ്റ്റേഷനിൽനിന്നാണ്.

മെട്രോ ലൈൻ ഭാഗികമായി അടയ്ക്കുന്നത് യാത്രക്കാരെ ബാധിക്കാതിരിക്കാൻവേണ്ടി മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ സൗജന്യ ബസ് സേവനം വെള്ളിയാഴ്ചമുതൽ ലഭ്യമാകും. മെട്രോ പൂർണമായും പ്രവർത്തനസജ്ജമാകുന്നതുവരെ ഇത് തുടരും. ഇതനുസരിച്ച് യു.എ.ഇ. എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ജെ.എൽ.ടി. സ്റ്റേഷനിലെത്തി സൗജന്യ ബസ് സർവീസ് വഴി ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽ എത്തണം. ഇവിടെനിന്ന് വീണ്ടും മെട്രോയിൽ യാത്ര തുടരാം. തിരിച്ച് റാഷിദിയ ഭാഗത്തേക്ക് പോകുന്നവർ ഇബ്ൻ ബത്തൂത്തയിൽ ഇറങ്ങിയശേഷം ബസിൽ ജെ.എൽ.ടി. സ്റ്റേഷനിലെത്തണം. എന്നിട്ട് മെട്രോ യാത്ര തുടരാം