അബുദാബി: യുഎഇ ദേശീയ ദിനത്തിന്റെയും രക്ത സാക്ഷി ദിനത്തിന്റെയും ഭാഗമായി വിവിധ മന്ത്രാലയങ്ങളിലെയും ഫെഡറൽ ഗവൺമെന്റ് വിഭാഗങ്ങളിലെയും ജീവനക്കാർക്ക് ഡിസംബർ 1 മുതൽ അവധി നൽകുന്നു. അഞ്ച് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 6ന് ഞായറാഴ്ചയാവും പിന്നീട് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വിഭാഗം അറിയിച്ചു.

സാധാരണ ദേശീയദിനാഘോഷത്തിന് 2ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഈ വർഷം യമനിൽ യു.എ.ഇ സേനാ ഭടന്മാർക്ക് ജീവഹാനി സംഭവിച്ച പശ്ചാത്തലത്തിൽ അവരുടെ സ്മരണദിനമായി നവംബർ 30 ആചരിക്കുന്നതുകൊണ്ടാണ് ഒരുദിവസം കൂടുതൽ അവധി നൽകിയിട്ടുള്ളത്.

അവധിദിനങ്ങൾ ഏവർക്കും സൗകര്യപ്രദമാക്കിമാറ്റുന്നതിന്റെ ഭാഗമായാണ് നവംബർ 30ന് പകരം ഡിസംബർ 1ന് അവധി നൽകാൻ തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് 1,2 തിയ്യതികളിൽ ദേശീയദിനാഘോഷവും 3,4 വെള്ളി, ശനി ദിവസങ്ങൾ ചേർന്നുവരികയും ചെയ്തതോടെയാണ് സർക്കാർ സ്ഥാപനങ്ങൾക്ക് 5 ദിവസത്തെ അവധി ഒന്നിച്ചുലഭിക്കുന്നത്. പ്രവാസികൾ അവധിയാഘോഷത്തിനായി വിനോദ യാത്രകൾ പ്ലാൻ ചെയ്തതോടെ വിവിധ എയർലൈനുകൾ തങ്ങളുടെ നിരക്കും വർധിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. നവംബർ ആദ്യത്തിൽ അബുദാബിയിൽ നിന്നും കേരളത്തിലേക്ക് 320 ദിർഹമിന് ടിക്കറ്റ് ലഭ്യമാണ്.

എന്നാൽ നവംബർ അവസാനത്തിൽ 60ശതമാനം വർധനവാണ് വരുത്തിയിട്ടുള്ളത്. ഡിസംബർ പകുതിയോടെ ഗൾഫ് നാടുകളിലെ സ്‌കൂളുകളിൽ മധ്യവേനലവധി ആരംഭിക്കുമെന്നതും എയർലൈനുകൾക്ക് കൊയ്തുകാലമാണ് സമ്മാനിക്കുന്നത്. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ദുബായിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അഥോറിറ്റി (ഡി.എച്ച്.എ.) അറിയിച്ചു.