44ാം ദേശീയ ദിനത്തിന് പത്ത് ദിവസം മാത്രം ബാക്കിയിരിക്കെ പ്രവാസി സ്വദേശി സമൂഹങ്ങൾ ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിൽ സജീവം. വലിയ ദേശീയ പതാകകളും വൈദ്യുതാലങ്കാരങ്ങളും കാർ ഡെക്കറേഷനും എല്ലാം ഒരുക്കുന്ന തിരക്കിലാണ് ജനങ്ങൾ. വില്ലകളിലും ഓഫിസുകളും റോഡുകളും പ്രധാന കെട്ടിടങ്ങളും എല്ലാം അലങ്കരിക്കുന്ന പ്രവൃത്തികൾ അതിവേഗം മുന്നോട്ടുപോകുകയാണ്. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലുള്ള വില്ലകളിൽ ചതുർ വർണത്തിലുള്ള വലിയ ദേശീയ പതാകകളും വൈദ്യുതാലങ്കാരങ്ങളും സ്ഥാനം പിടിച്ചുകഴിഞ്ഞു.

ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങൾ അലങ്കരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി ട്രാഫിക്ക് ആൻഡ് പെട്രോൾ ഡയറക്ടറേറ്റ് പുറത്തുവിട്ടിട്ടുണ്ട്. ദേശീയ ദിനത്തിന്റെ മാന്യത കൈവിടാതെ നിയമങ്ങൾ പാലിച്ച് വേണം വാഹനങ്ങൾ അലങ്കരിക്കാനെന്ന് നിർദ്ദേശം നൽകി. നിയമം ലംഘിക്കാതെ തന്നെ ദേശീയ ദിനം ആഘോഷിക്കുക എന്നാണ് അബുദാബി പൊലീസ് വിഭാഗത്തിന്റെ മുദ്രാവാക്യമെന്ന് ട്രാഫിക്ക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.

ഈ പദ്ധതിയുടെ കീഴിൽ റോഡുകളിൽ ആഘോഷങ്ങൾക്കിടയിലും പൊലീസ് പരിശോധന ശക്തമാക്കും. അബുദാബി, അൽ എയ്ൻ, പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ വഴിയും റഡാറുകൾ ഉപയോഗിച്ചും ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ ഉടൻ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. വാഹനത്തിന്റെ നിറം മാറ്റുക, കാറിന്റെ പുറത്തെ എഴുത്തുകുത്തുകൾ വരുത്തുക തുടങ്ങിയവ പാടില്ലെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. അനുവദനീയമായതിൽ അധികം ആളുകളെ കൊണ്ടുപോകുന്നതും, വാഹനത്തിന്റെ ഏതെങ്കിലും പാർട്ടിൽ സ്റ്റിക്കറുകൾ വയ്ക്കുന്നതും ഒഴിവാക്കാനാണ് നിർദ്ദേശം.

ട്രാഫിക്കിന് തടസ്സമുണ്ടാകുന്ന രീതിയിലുള്ള നടപടികളും പാടില്ലെന്നാണ് നിർദ്ദേശം. വാഹനം പ്രധാനപ്പെട്ട റോഡുകളിൽ പാർക്ക് ചെയ്യുക, ബസ് സ്റ്റോപ്പുകൾ , ടാക്‌സിസ്റ്റേഷൻ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുക, വാഹനത്തിന് ശബ്ദമുണ്ടാകുന്ന തരത്തിലുള്ള സ്‌പെയർ പാർട്ടുകൾ ഘടിപ്പിക്കുക എന്നിവ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.