ദുബൈ: യുഎഇ 44ാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വിവിധ സേവനങ്ങളുടെ സമയക്രമം പുറത്തുവിട്ടു. കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യ വൈഫൈയുമായി എമിറേറ്റ്‌സ് ടെലികമ്യൂണിക്കേഷൻസ് കോർപ്പറേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഡിസംബർ 1 മുതൽ 5 വരെ പ്രമുഖ ഷോപ്പിങ് മാളുകളിലും സെന്ററുകളിലും റെസ്‌റ്റോറന്റുകളിലും ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി ലഭിക്കും.

ഉപഭോക്താക്കൾക്ക് ഇ ലൈഫും കമ്പനി അനുവദിക്കുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 44 സിനിമകൾ സൗജന്യമായി കാണാം. കൂടാതെ നിരവധി ടിവി ചാനലുകൾ സൗജന്യമായി കാണാനും ഇത്തിസലാത്ത് അവസരമൊരുക്കിയിട്ടുണ്ട്.

കസ്റ്റമർ സർവ്വീസ് സെന്ററുകൾ, പെയിഡ് പാർക്കിങ് സോണുകൾ, പബ്ലിക്ക് ബസുകൾ, ദുബായ് മെട്രോ, ദുബായ് ട്രാം, മറൈൻ ട്രാൻസിറ്റ് മോഡ്‌സ്, ഡ്രൈവിങ് സ്‌കൂളുകൾ, വാഹന പരിശോധനാകേന്ദ്രങ്ങൾ, രജിസ്‌ട്രേഷൻ തുടങ്ങിയവ അവധി ദിവസങ്ങളിൽ പ്രവർത്തിക്കും.

സർവ്വീസ് സെന്ററുകൾ ഡിസംബർ 1 ചൊവ്വാഴ്ച മുതൽ അടച്ചിടുമെന്നാണ് വിവരം. ഡിസംബർ 6 ഞായറാഴ്ചയാവും തുറന്ന് പ്രവർത്തിക്കുക. പെയ്ഡ് പാർക്ക് സോണുകളിലാവട്ടെ ഡിസംബർ 1 മുതൽ ഡിസംബർ 5വരെ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഫിഷ് മാർക്കറ്റ് പാർക്കിങ് ലോട്ട്, മൾട്ടി ലെവൽ പാർക്കിങ് ടെർമിനൽ എന്നിവയൊന്നും തന്നെ സൗജന്യ പാർക്കിങ് അനുവദിക്കില്ലെന്നും അവർ അറിയിച്ചു.

ദുബായ് മെട്രോയുടെ ഗ്രീൻ ലൈൻ സ്‌റ്റേഷനുകൾ ഡിസംബർ 1, 2 തീയതികളിൽ രാവിലെ 5.30മുതൽ അർദ്ധരാത്രി 12 വരെയും ഡിസംബർ 3ന് രാവിലെ 1 മണിവരെയും സർവ്വീസ് നടത്തും. വെള്ളിയാഴ്ച സർവ്വീസ് രാവിലെ 10 മുതൽ അടുത്ത ദിവസം രാവിലെ 1 മണിവരെയായിരിക്കും സർവ്വീസ് നടത്തുക. ഡിസംബർ 5, 6 തീയതികളിൽ സ്‌റ്റേഷൻ രാവിലെ 5.50 മുതൽ അർദ്ധരാത്രി 12 മണിവരെ സർവ്വീസ് നടത്തും.

റെഡ് ലൈനിൽ ഡിസംബർ 1,2 തീയതികളിൽ രാവിലെ 5.30ന് ആരംഭിക്കുന്ന സർവ്വീസ് അർദ്ധരാത്രി 12 മണിവരെ തുടരും. ഡിസംബർ 3ന് രാവിലെ 1 മണിവരെ സർവ്വീസ് തുടരും. വെള്ളിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്ന സർവ്വീസ് തൊട്ടടുത്ത ദിവസം രാവിലെ 1 മണിവരെ തുടരും. ഡിസംബർ 5, 6 തീയതികളിൽ രാവിലെ 5.30 മുതൽ അർദ്ധരാത്രി 12 മണിവരെ സർവ്വീസ് തുടരും.

ദുബായ് ട്രാം സർവ്വീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ 1 മുതൽ 3വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ രാവിലെ 1 വരെയായിരിക്കും സർവ്വീസ് നടത്തുക. ഡിസംബർ 4 വെള്ളിയാഴ്ച സർവ്വീസ് രാവിലെ 9 മുതൽ അടുത്ത ദിവസം രാവിലെ 1 മണിവരെ തുടരും. ഡിസംബർ 5,6 തീയതികളിൽ സർവ്വീസ് രാവിലെ 6.30 മുതൽ രാവിലെ 1 മണിവരെ തുടരും.പബ്ലിക്ക് ബസുകളും സമയത്തിൽ അവധി ദിനത്തോടനുബന്ധിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.