അബുദാബി: വരാൻ പോകുന്ന ദേശീയദിനത്തിലെ ആഘോഷപ്പാച്ചിലിന് തടയിടാൻ കർശന നിർദ്ദേശങ്ങളുമായി ട്രാഫിക് വകുപ്പ് രംഗത്തെത്തി. അപകടകരമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനും, ത്തരക്കാർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുമെന്നും ടാഫിക് പൊലീസ് അറിയിച്ചു. വാഹനം ഒരുമാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

ദേശീയദിനത്തിൽ വാഹനങ്ങളുടെ മത്സരയോട്ടവും അലങ്കരിച്ച വാഹങ്ങളുടെ പ്രകടനവുമെല്ലാം പതിവുള്ളതാണ്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാവാറുണ്ട്. ഇതെല്ലം മുൻനിർത്തിയാണ് അബുദാബി പൊലീസ് പുതിയ ശിക്ഷാവിധികൾ പ്രഖ്യാപിച്ചത്. ദേശീയദിന അവധിദിവസങ്ങളിൽ അപകടം കുറയ്ക്കാനായി 'ഗതാഗത ലംഘനമില്ലാതെ ആഘോഷം' എന്ന ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇതിന്റെ ഭാഗമായി അവധി ദിവസങ്ങളിൽ അബുദാബി, അൽഐൻ, പടിഞ്ഞാറൻ പ്രവിശ്യകൾ എന്നിവിടങ്ങളിലായി പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘങ്ങളും റഡാറുകളും നിരീക്ഷണത്തിനിറങ്ങുമെന്ന് ട്രാഫിക് ഡയരക്ടർ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹർത്തി വ്യക്തമാക്കി. വാഹനങ്ങളിലെ അലങ്കാരപ്പണികൾക്കും നിയന്ത്രണങ്ങളുണ്ട്.