ദുബൈ: പുതുവത്സര ദിനത്തെ വരവേല്ക്കാനായി യുഎഇൽ വിപുലമായ ഒരുക്കങ്ങൾ. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി പുതുവത്സര അവധി ദിനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയ ക്രമം പ്രഖ്യാപിച്ചു. ഉപഭോക്തൃ സന്തോഷ കാര്യ കേന്ദ്രങ്ങൾ, പാർകിങ് കേന്ദ്രങ്ങൾ, പൊതു ഗതാഗത ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ഗതാഗത സംവിധാനങ്ങൾ, ഡ്രൈവിങ് സ്‌കൂളുകൾ, വാഹന രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ സമയക്രമങ്ങളാണ് പ്രഖ്യാപിച്ചത്.

ഉപഭോക്തൃ സന്തോഷ കാര്യ കേന്ദ്രങ്ങൾ ഡിസംബർ 31 ഞായർ മുതൽ അവധിയായിരിക്കും. ജനുവരി രണ്ടിന് ചൊവ്വാഴ്ചയാകും കേന്ദ്രങ്ങൾ പിന്നീട് തുറന്ന് പ്രവർത്തിക്കുക.ഡിസംബർ 31ന് ഞായർ മുതൽ എല്ലാ പാർകിങ് കേന്ദ്രങ്ങളിലും പാർകിങ് സൗജന്യമായിരിക്കും. എന്നാൽ നഗരസഭയുടെ ബഹുനില പാർകിങ് കേന്ദ്രങ്ങളിൽ പാർകിങ് സൗജന്യമായിരിക്കുകയില്ല. ജനുവരി രണ്ട് ചൊവ്വാഴ്ച മുതൽ പാർകിങ് നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.

ദുബൈ മെട്രോ ചുവപ്പ് പാതയിൽ 31ന് ഞായറാഴ്ച രാവിലെ അഞ്ച് മണി മുതൽ ജനുവരി രണ്ടിന് ചൊവ്വ അർധരാത്രി വരെ പ്രവർത്തിക്കും. പച്ചപ്പാതയിൽ ഡിസംബർ 31ന് ഞായറാഴ്ച രാവിലെ 05:30 മുതൽ ജനുവരി രണ്ടിന് അർധരാത്രി വരെ പ്രവർത്തിക്കും.ദുബൈ ട്രാം ഡിസംബർ 31ന് ഞായറാഴ്ച രാവിലെ ആറ് മുതൽ ജനുവരി രണ്ടിന് വെളുപ്പിന് ഒരു മണി വരെ പ്രവർത്തിക്കും.

മറീന സ്റ്റേഷനിൽ നിന്ന് വാട്ടർ ബസ് 31ന് ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ സർവീസ് നടത്തും. ജനുവരി ഒന്നിന് ഉച്ചക്ക് 12 മുതൽ അർധരാത്രി 12 വരെയും സർവീസുണ്ടാകും. മറീന മാൾ, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമെനേഡ് സ്റ്റേഷനുകളിലേക്കാണ് സർവീസ്.ജനുവരി ഒന്നിന് വാട്ടർ ടാക്സി രാവിലെ ഒൻപതു മുതൽ രാത്രി 10 വരെയും സർവീസ് നടത്തും.
ദുബൈ ഫെറി 31ന് അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് രാവിലെ 11നും ഉച്ചക്ക് ഒന്നിനും സർവീസ് നടത്തും. ജദ്ദാഫ് മുതൽ വാട്ടർ കനാൽ സ്റ്റേഷൻ വരെ രാവിലെ 10നും ഉച്ചക്ക് 12നും സർവീസ് നടത്തും.