മലയാളികളുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ച് ദുബായിലെ നഴ്‌സിങ് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ നീക്കം.നഴ്‌സിങ് ജോലിയിലേക്കു സ്വദേശികളെ ആകർഷിക്കാനുള്ള കർമപരിപാടികൾ ഊർജിതമാക്കാൻ യുഎഇ മന്ത്രിസഭ തീരുമാനം എടുത്തതോടെ വിദേശികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

യോഗ്യതയും മികച്ച പരിശീലനവും നേടിയ സ്വദേശി നഴ്‌സുമാരെ കൂടുതലായി നിയമിച്ച് ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കാമെന്നാണു പ്രതീക്ഷ. ഇതിനായി മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും സജ്ജമാക്കുകയും രാജ്യാന്തര തലത്തിൽ സഹകരിക്കുകയും ചെയ്യും. രാജ്യത്തിനകത്തുതന്നെ മികച്ച വിദ്യാഭ്യാസ പരിശീലന സംവിധാനമൊരുക്കി അതിന്റെ നേട്ടം പൂർണമായും രാജ്യത്തിനു കിട്ടാൻ സംവിധാനമുണ്ടാക്കാനും യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിൽ സർക്കാർ ആശുപത്രികളിലെ സ്വദേശി നഴ്‌സുമാരുടെ എണ്ണം ആകെയുള്ളതിന്റെ അഞ്ചുശതമാനം മാത്രമാണ്. ഇതു വർധിപ്പിക്കും. ചികിൽസയ്ക്കും മറ്റുമായി യുഎഇയിൽ വരുന്നവരിൽ ഭൂരിഭാഗവും അറബ് മേഖലയിൽ നിന്നുള്ളവരാണ്. കൂടുതൽ സ്വദേശി നഴ്‌സുമാരുണ്ടാകുന്നതു രോഗികൾക്കു സഹായകമാകും എന്നാണു വിലയിരുത്തൽ.