ദുബായ്: ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ യുഎഇ വിസാ കേന്ദ്രങ്ങൾ തുറക്കുന്നു. വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഈ മേഖലയിലുള്ള വ്യാജന്മാർക്ക് തടയിടുന്നതിനുമാണ് വിദേശ രാജ്യങ്ങളിൽ യുഎഇ വിസാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മാതൃരാജ്യത്തു വച്ചു തന്നെ ജോബ് ഓഫറുകൾ സ്വീകരിക്കുന്നതിനും യുഎഇയിൽ എത്തുന്ന മുറക്ക് എൻട്രി വർക്ക് വിസകൾ കൈപ്പറ്റുന്നതിനുമുള്ള നടപടിക്രമങ്ങൾ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയവും മനുഷ്യവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയും സംയുക്തമായി സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് സയ്യീത് അൽ ദാഹിരി വ്യക്തമാക്കി.

എൻട്രി പെർമിറ്റ് നൽകൽ, വൈദ്യപരിശോധന, വിരലടയാളം എടുക്കൽ, സർട്ടിഫിക്കറ്റ് വിലയിരുത്തൽ തുടങ്ങിയവ ഈ വിസാ കേന്ദ്രങ്ങളുടെ പരിധിയിൽപ്പെടും. തൊഴിൽ കരാറിന്റെ പകർപ്പ് വിസാ കേന്ദ്രങ്ങളിൽ നിന്ന് തന്നെ തൊഴിലാളികൾ ഒപ്പിട്ട് കൈപ്പറ്റും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖചിത്രം പകർത്തൽ, ഐ സ്‌കാനിങ് എന്നിവയ്ക്കും ഈ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.

യുഎഇയിൽ എത്തുന്ന തൊഴിലാളി ഏതെങ്കിലും വിധത്തിൽ വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്നും വിലയിരുത്തുന്നു. അപേക്ഷകന് പകർച്ചവ്യാധിയോ മറ്റു രോഗങ്ങളോ ഉണ്ടെന്ന് കണ്ടെത്താൻ യുഎഇയിൽ എത്തും മുമ്പു തന്നെ മനസിലാക്കാനും കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു നേട്ടം. തൊഴിലുടമയ്ക്ക് ആദ്യഘട്ടത്തിൽ നൽകിയ തൊഴിൽ, വേതന വാഗ്ദാനങ്ങളിൽ പിന്നീട് യാതൊരു മാറ്റവും വരുത്താൻ സാധ്യമല്ല. അതായത് ഒരു കമ്പനിയിൽ നിലവിലുള്ളതിനേക്കാൾ മികച്ച ജോലി വാഗ്ദാനം ചെയ്ത് തൊഴിലാളിയെ നിയമിക്കാൻ ഏജന്റുമാർക്ക് കഴിയില്ല. ഈ വർഷം തന്നെ തുടങ്ങുന്ന രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള പത്തു കേന്ദ്രങ്ങളിൽ കേന്ദ്രം തുറക്കുന്നത്.