അബൂദബി: എല്ലാ ചികിത്സകളും വിഫലമായാൽ ദയാവധം അനുവദിക്കാൻ ഡോക്ടർമാർക്ക് അനുമതി നല്കുകയും വിൽപന നിരോധമുൾപ്പെടെ മനഷ്യാവയവ മാറ്റം സംബന്ധിച്ച സുപ്രധാന നിയമങ്ങൾ ഉൾക്കൊള്ളുന്ന ഫെഡറൽ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു.

പാലിയേറ്റീവ് കെയറിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിച്ച ആരോഗ്യ അധികൃതരുടെ കർമസേനയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പുതിയ നിയമത്തിലൂടെ ഡോക്ടർമാരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നു. ചികിത്സ നൽകാൻ ഏതെങ്കിലും ഡോക്ടർ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ഇനി മുതൽ അവർ കുറ്റക്കാരാകില്ല. എന്നാൽ ഒരു ചികിത്സാ പിഴവുണ്ടായാൽ അത് കുറ്റകരമാണ്. അനാവശ്യ വൈദ്യ പരിശോധനകൾ നടത്തുന്ന ഡോക്ടർമാരെ ജയിലിലടയ്ക്കാനും വകുപ്പുണ്ട്.

ദയാവധം കുറ്റകരമല്ലാതാക്കിയതോടെ രാജ്യത്തേക്ക് കൂടുതൽ ഡോക്ടർമാർ
ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുതിയ നിയമപ്രകാരം രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും അനുമതിയുണ്ട്.

എന്നാൽ മനുഷ്യാവയവങ്ങൾ, അവയുടെ ഭാഗങ്ങൾ, കോശങ്ങൾ എന്നിവ വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഉത്തരവ് പ്രകാരമുള്ള നിയമങ്ങൾ അനുസരിക്കാത്ത അവയവ-കോശമാറ്റ ശസ്ത്രക്രിയകളും നിരോധിച്ചു. അനുവദനീയമല്ലാത്ത അവയവ-കോശമാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ, പരസ്യങ്ങൾ, ഇടനില പ്രവർത്തനങ്ങൾ എന്നിവക്കും നിരോധമേർപ്പെടുത്തി. പണത്തിനുള്ള സംഭാവന എന്ന നിലക്കും അവയവങ്ങൾ നൽകാൻ പാടില്ല.
അവയവങ്ങൾ, അവയഭാഗങ്ങൾ, കോശങ്ങൾ എന്നിവ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ ലൈസൻസുള്ള ആരോഗ്യ കേന്ദ്രത്തിൽവച്ചായിരിക്കണം. അംഗീകൃത വിദഗ്ധ ഡോക്ടർമാർ മാത്രമേ ശസ്ത്രക്രിയ ചെയ്യാവൂ. ആരോഗ്യ അധികൃതർ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നവയാകണം ആരോഗ്യ കേന്ദ്രങ്ങൾ.

അവയവങ്ങൾ, അവയവ ഭാഗങ്ങൾ, കോശങ്ങൾ എന്നിവ വിൽക്കുകയോ വാങ്ങുകയോ കച്ചവടത്തിന് ഇടനിലക്കാരനാവുകയോ ചെയ്താൽ 30,000 മുതൽ ലക്ഷം ദിർഹം വരെ പിഴയടക്കേണ്ട വരും. അവയവ-അവയവഭാഗ -കോശ കച്ചവടത്തിൽ ഏർപ്പെടുകയോ കച്ചവട ദല്ലാളായി പ്രവർത്തിക്കുകയോ ചെയ്താൽ അഞ്ച് മുതൽ ഏഴ് വരെ വർഷം ജയിൽ ശിക്ഷയും അഞ്ച് ലക്ഷം മുതൽ 30 ലക്ഷം വരെ ദിർഹം പിഴയും വിധിക്കും.

അവയവകച്ചവടം വഴി നേടിയ പണം കണ്ടുകെട്ടുകയും ചെയ്യും.വഞ്ചനാപരമായോ നിർബന്ധപൂർവമോ അവയവങ്ങൾ, അവയവഭാഗങ്ങൾ, കോശങ്ങൾ എന്നിവ ആരിൽനിന്നെങ്കിലും നീക്കം ചെയ്യുന്നവർക്ക് ചുരുങ്ങിയത് പത്ത് വർഷം തടവും പത്ത് ലക്ഷം മുതൽ കോടി വരെ ദിർഹം പിഴയും വിധിക്കും. അവയവം നീക്കം ചെയ്യപ്പെടുന്ന വ്യക്തി മരിക്കുകയോ ഭാഗികമായോ പൂർണമായോ അംഗപരിമിതനാവുകയോ ചെയ്താൽ ജീവപര്യന്തം തടവും 20 കോടി ദിർഹം പിഴയുമായിരിക്കും ശിക്ഷ.

പണത്തിന് പകരമാണ് അവയവ-അവയവഭാഗ-കോശമാറ്റം എന്നറിഞ്ഞുകൊണ്ട് ശസ്ത്രക്രിയ നിർവഹിക്കുന്ന ഡോക്ടർക്ക് ആറ് മാസം തടവും അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പിഴയും ലഭിക്കും.ലൈസൻസില്ലാത്ത ആരോഗ്യകേന്ദ്രത്തിൽ ഇത്തരം ശസ്ത്രക്രിയ ചെയ്താൽ
കുറഞ്ഞത് ഒരു വർഷം തടവ്, 500 ദിർഹം പിഴ എന്നിവയോ പത്ത് ലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും.