ദുബായ്: രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും പുതുക്കിയ നിരക്ക് അർധരാത്രി നിലവിൽ വരും. ഓഗസ്റ്റ് മാസത്തേക്കാളും വിലക്കുറവിലായിരിക്കും  അർധരാത്രി മുതൽ ഡീസലും പെട്രോളും ലഭ്യമാകുക. സ്‌പെഷ്യൽ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.96 ദിർഹവും (ഓഗസ്റ്റിൽ ഇത് 2.14 ദിർഹമായിരുന്നു) സൂപ്പർ ഗ്രേഡിന് 2.07 ദിർഹവുമായിരിക്കും.

ഇന്ധന സബ്‌സീഡി എടുത്തുകളഞ്ഞതിനെ തുടർന്ന് ഓഗസ്റ്റ് മാസം ഡീസലിനും പെട്രോളിനും യഥാക്രമം 24 ശതമാനവും 29 ശതമാനവുമാണ് വർധനയുണ്ടായത്. പെട്രോൾ വിലയിൽ ഓഗസ്റ്റിനേക്കാൾ എട്ടു ശതമാനം കുറവാണ് ഈ മാസം ഉണ്ടായിട്ടുള്ളത്. പെട്രോൾ- ഡീസൽ വില കുറയുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ വിവിധ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.

എല്ലാ മാസവും 28ന് ഇന്ധന വില പുതുക്കി നിശ്ചയിക്കുവാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയെ ബാധിക്കുന്ന ഘടകങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ മാസവും വില പുതുക്കുക. ഒക്ടോബർ മാസത്തിലെ ഇന്ധന വില സെപ്റ്റംബർ 28ന് പ്രഖ്യാപിക്കും.