അബൂദബി: എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായ യുഎഇയിൽ ഇന്ധനവില നിയന്ത്രണം നീക്കുന്നു. നിയന്ത്രണം ഓഗസ്റ്റ് ഒന്നു മുതൽ ഇല്ലാതാകുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചതോടെ പ്രവാസികൾ ഉൾപ്പെടെ ആശങ്കയിലാണ്. ഓഗസ്റ്റ് മുതൽ ഡീസലിന്റെയും പെട്രോളിന്റെയും വില ആഗോളനിരക്കിന് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയമായിരിക്കും ഇനി രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. ഇതുവരെ സർക്കാർ സബ്‌സിഡി നൽകിയായിരുന്നു രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ പിടിച്ചുനിർത്തിയിരുന്നത്.

ദേശീയ സമ്പദ്ഘടനക്ക് പിന്തുണ നൽകാനും ഇന്ധന ഉപയോഗം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ വിഭവങ്ങൾ കാത്തു സൂക്ഷിക്കുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഊർജ മന്ത്രി സുഹൈൽ അൽ മസ്‌റൂയ് അറിയിച്ചു. പുതിയ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും ആഗോള വില വിലയിരുത്തുന്നതിന് ഇന്ധന വില നിർണയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.

എല്ലാ മാസവും ഈ സമിതി യോഗം ചേർന്ന് വില പുതുക്കി നിശ്ചയിക്കും. എല്ലാ മാസവും 28ാം തീയതി അടുത്തമാസത്തെ വില പ്രഖ്യാപിക്കും. ആഗോള ശരാശരി വിലയും വിതരണ കമ്പനികളുടെ പ്രവർത്തന ചെലവും അടിസ്ഥാനമാക്കിയുള്ള ആഗസ്റ്റിലെ ഇന്ധന വില അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സമ്പ്രദായം വരുന്നതോടെ ഡീസലിന്റെ വില എല്ലാ എമിറേറ്റിലും ഒന്നായിരിക്കും. ഓഗസ്റ്റ് ഒന്ന് മുതൽ ഡീസൽ വില കുറയുകയും പെട്രോൾ വിലയിൽ നേരിയ തോതിലുള്ള വർധന അനുഭവപ്പെടാനിടയുണ്ടെന്നതും സൂചനയുണ്ട്.

അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി രാജ്യത്തെ ഇന്ധന വില ക്രമീകരിക്കുമ്പോൾ ഡീസലിന് വില കുറയാനാണ് സാധ്യത. ഇത് വ്യാവസായിക , ഉൽപാദന, വ്യാപാര രംഗങ്ങൾക്ക് ഗുണകരമാകും. എന്നാൽ, 95 ശതമാനം ആളുകളും വാഹനത്തിന് ഉപയോഗിക്കുന്നത് പെട്രോളാണ്.
ഇതോടെ പ്രവാസികളടക്കം യു എ ഇ നിവാസികളുടെ ജീവിതചെലവ് ഉയരും.