യുഎഇയിൽ പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോൾ ഓരോ ഇനത്തിനും ലിറ്ററിന് ഒമ്പത് ഫിൽസ് വീതവും ഡീസൽ പതിനഞ്ച് ഫിൽസുമാണ് വർധിപ്പിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ഇന്ധനനിരക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

ഒരു ദിർഹം 81 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന് നവംബർ മാസത്തിൽ ഒരു ദിർഹം 90 ഫിൽസ് ഈടാക്കും. സ്‌പെഷ്യൽ പെട്രോളിന്റെ വില ഒരു ദിർഹം 70 ഫിൽസിൽ നിന്ന് ഒരു ദിർഹം 79 ഫിൽസാകും. ഇപ്ലസ് പെട്രോളിന്റെ വില ഒരു ദിർഹം 63 ഫിൽസിൽ നിന്ന് ഒരു ദിർഹം 72 ഫിൽസായി ഉയരും. ഡീസലിന്റെ വിലയാണ് കുത്തനെ വർധിച്ചത്. ലിറ്ററിന് ഒരു ദിർഹം 75 ഫിൽസിൽ നിന്ന് ഒരു ദിർഹം 91 ഫിൽസായി ഡീസൽ വില വർധിപ്പിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് അടുത്തമാസം ഉപഭോക്താക്കൾ ഇന്ധനംനിറക്കാൻ നൽകേണ്ടി വരിക.

ഫെബ്രുവരിയിലെ പെട്രോൾ വിലയിൽ നിന്ന് 32 ഫിൽസാണ് ലിറ്ററിന് ഉയർന്നത്. ഡീസലിന്റെ വില ഫെബ്രുവരിയിലേതിനാക്കാൾ 54 ഫിൽസും വർധിച്ചു. അന്താരാഷ്ട്ര ക്രൂഡോയിൽ വിലക്ക് അനുസൃതമായി ആഭ്യന്തരവിപണിയിലെയും ഇന്ധനവില നിശ്ചയിക്കുകയാണ് ഇതിനായി നിയോഗിച്ച സമിതി. നാളെ മുതൽ ഇന്ധന വില വർദ്ധന നിലവിൽ വരും.