ദുബായ്: പെരുന്നാൾ കാരുണ്യം ചൊരിഞ്ഞ് ഭരണാധികാരികളുടെ നടപടികൾ നിരവധി പേർക്ക് മോചനത്തിനുള്ള വഴിയൊരുങ്ങുന്നു. എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് മോചനം നൽക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടു. മോചിപ്പിക്കപ്പെട്ടവരെ പെരുന്നാളിന് നാട്ടിൽ കുടുംബങ്ങളോടൊപ്പം എത്തിക്കാനും നിർദേശമുണ്ട്.

ദുബായിലെ വിവിധ ജയിലുകളിലും തെറ്റുതിരുത്തൽ സ്ഥാനപങ്ങളിലും കഴിയുന്ന 453 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഉത്തരവിട്ടു. തെറ്റുകൾ തിരുത്തി പുതിയ ജീവിതം തുടങ്ങാനുള്ള അവസരമാണ് ശൈഖ്മുഹമ്മദിന്റെ കാരുണ്യത്തിലൂടെ ഇവർക്ക് ലഭിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. മോചിപ്പിക്കപ്പെട്ടവർക്ക് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റാസൽഖൈമയിൽ 146 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമിയും ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും അദ്ദേഹം നിർദേശിച്ചു.

ഷാർജയിലെ ജയിലുകളിൽ കഴിയുന്ന 96 പേരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ക്വാസിമി ഉത്തരവിട്ടു. ശിക്ഷാകാലാവധി പാതി പൂർത്തിയാക്കിയവരാണ് മോചിപ്പിക്കപ്പെട്ടവരിൽ ഏറെയും. അജ്മാനിൽ 68 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും ഫുജൈറയിൽ 41 പേരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മൊഹമ്മദ് അൽ ഷർഖിയും നിർദേശിച്ചു. ഉമൽ ഖുവൈനിലെ കുറെ തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്.