രാജ്യത്തെ വിവിധ എമിറേറ്റുകളിൽ ഇന്നലെയും ഇന്നും മഴ തുടരുകയാണ്. അന്തരീക്ഷം മൂടിക്കെട്ടുകയും തണുത്തകാറ്റു വീശുകയും ചെയ്തതോടെ തണുപ്പൻ കാലാവസ്ഥയാണ് രാജ്യമെങ്ങും. തണുപ്പുകൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. പർവത മേഖലകളിൽ ശക്തമായ കാറ്റുവീശി. മലകളിൽ നിന്നു നീരൊഴുക്കു കൂടിയതോടെ വാദികളിൽ ജലനിരപ്പ് ഉയർന്നു.

അബുദാബി, ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം മഴയുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ ശക്തമായ മഴയുണ്ടായി. സൗദി ദമാമിൽ വെള്ളിയാഴ്ച നല്ല മഴയായിരുന്നു. കുവൈത്തിൽ ആകാശം മേഘാവൃതമാണ്.

യുഎഇയിൽ അന്തരീക്ഷം മൂടിക്കെട്ടിയത് വാഹനഗതാഗതത്തെ ബാധിച്ചു. ദൂരക്കാഴ്ച കുറഞ്ഞു. പലരും മെട്രോയിലും മറ്റു പൊതുവാഹനങ്ങളിലുമാണ് യാത്ര ചെയ്തത്. ഇന്നും മൂടിക്കെട്ടിയ കാലാവസ്ഥ ആയതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാണ്.