ദുബൈ: യാത്രക്കാരുടേയും ജീവനക്കാരുടേയും രാജ്യത്തിന്റേയും സുരക്ഷ കണക്കാക്കി യുഎഇയിൽ വിമാനങ്ങളുടെ ചിത്രമെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എയർപോർട്ടിനുള്ളിൽ നിന്നോ എയർപോർട്ടിന് പുറത്തുനിന്നോ ചിത്രങ്ങൾ എടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുവാദം തേടേണ്ടതാണ് ദുബൈ എയർപോർട്ട് വക്താവ് അറിയിച്ചു.

മൂന്ന് ബ്രിട്ടീഷ് പൗരന്മാർക്ക് രണ്ട് മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ബ്രിട്ടീഷ് ടൂറിസ്റ്റുകളായ കോൺറാഡ് ക്ലിതറോ, ഗാരി കൂപ്പർ, യുഎഇ സ്വദേശിയായ വരുടെ സുഹൃത്ത് നീൽ മൺറോ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എയർപോർട്ടിന് സമീപമുള്ള നിരോധിത മേഖലയിൽ നിന്നും ഫോട്ടോ എടുത്തതിനായിരുന്നു അറസ്റ്റ്. ഇവർക്ക് കോടതി രണ്ടുമാസം തടവ് വിധിച്ചു. വിമാനങ്ങളെ പകർത്തുന്നത് ഹോബിയായി സ്വീകരിച്ചവരാണ് തങ്ങളെന്ന് ഇവർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എങ്കിലും, രണ്ടുമാസത്തെ വിചാരണതടവ് ശിക്ഷയായി കണ്ട് കോടതി ഇവരെ വിട്ടയച്ചു.

വിമാനങ്ങളുടെ ചിത്രമെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായി എയർപോർട്ട് അഥോറിറ്റിയിൽ അപേക്ഷ നൽകാം. രേഖകൾ പരിശോധിച്ച ശേഷം തൃപ്തികരമാണെങ്കിൽ അനുമതി ലഭിക്കും. പ്രത്യേക അനുമതിയില്ലാതെ വിമാനങ്ങളുടെ ചിത്രമെടുത്താൽ അവരെ പിടികൂടി ചിത്രങ്ങൾ നശിപ്പിക്കാനും വിചാരണ ചെയ്യാനും യു.എ.ഇയിൽ നിയമമുണ്ട്.