ദുബായ്: നാട്ടിലെ കായിക പ്രതിഭകൾ പ്രവാസികളാകുന്നതോടെ എല്ലാ കായിക മികവും അവസാനിപ്പിക്കുന്ന രീതി ഇനി വേണ്ട. രാജ്യത്തെ കായിക മത്സരങ്ങളിൽ പ്രവാസികൾക്ക് പങ്കെടുക്കാനും രാജ്യത്തെ പ്രതിനിധാനം ചെയ്യാനും അവസരം നൽകുന്ന സുപ്രധാന തീരുമാനത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. ഇനി വിദേശികൾക്കും യുഎഇയിലെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിനും അംഗീകാരം ലഭിച്ചു.

സ്വദേശി വനിതകളിൽ വിദേശികൾക്കുണ്ടായ മക്കൾ, യുഎിയിൽ ജനിച്ച വിദേശികൾ, യുഎഇ പാസ്‌പോർട്ടുള്ളവർ, യുഎഇയിലെ വിദേശ കായികതാരങ്ങൾ, എന്നിവർക്കാണ് കായികമത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി. ദേശീയ ക്ലബുകളിലും പ്രവാസികൾക്ക് പ്രവേശനം ലഭിക്കും. ഈ വർഷം സെപ്റ്റംബർ മുതൽ നിയമം പ്രാബല്യത്തിൽ എത്തും.

നവംബറിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായദ് അൽനഹ്യാൻ പുറപ്പെടുവിച്ച നിർദേശത്തിന്റെ ഭാഗമായാണ് മന്ത്രിസഭ പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. പുതിയ നിയമം സംബന്ധിച്ച മാർഗനിർദേശങ്ങൾ യുവജന കായികക്ഷേമ വിഭാഗം പ്രസിഡന്റ് പുറത്തിറക്കിയിരുന്നു. പ്രവാസികൾക്ക് തങ്ങളുടെ കായികവാസന പരിപോഷിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്.

രാജ്യത്തെ ഫുട്‌ബോൾ മേഖലയിലായിരിക്കും പുതിയ തീരുമാനം ഏറെ ഗുണകരമാകുകയെന്നാണ് വിലയിരുത്തൽ. രാജ്യത്തെ മികച്ച ക്ലബുകൾ വഴിയും പരിശീലന കേന്ദ്രങ്ങൾ വഴിയും പ്രവാസികൾക്ക് വളർന്ന് വരാൻ പുതിയ തീരുമാനം ഇടയായേക്കും.

കായികമേഖലയിലും സുസ്ഥിരവികസനം ഉറപ്പാക്കുന്ന യു.എ.ഇ. വിഷൻ-2021 അനുസരിച്ച് രാജ്യത്ത് കായികമേഖലയുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് വിദേശികൾക്ക് ഏറെ ഗുണകരമായ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.