ദുബായ്: ഐപിഎൽ ടീമിനായി രംഗത്തെത്തിയെങ്കിലും ലേലത്തിൽ പിന്തള്ളപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ആദ്യമായി ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി. ഉടൻ തുടങ്ങുന്ന യുഎഇ ട്വന്റി 20 ലീഗിലെ ഒരു ഫ്രാഞ്ചൈസിയെ ആണ് യുണൈറ്റഡിന്റെ അമേരിക്കൻ ഉടമകളായ ലാൻസർ ക്യാപ്പിറ്റൽ സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസും യുഎഇ ലീഗിൽ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളും ഒരു ടീമിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ആറ് ടീമുകൾ ഉള്ള ലീഗ് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടന്നേക്കും. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലീഗ് സംഘടിപ്പിക്കാനാണ് എമിറേറ്റസ് ക്രിക്കറ്റ് ബോർഡിന്റെ നീക്കം.

ലോകത്തെ വിവിധ ഫുട്‌ബോൾ ടീമുകളിൽ നിക്ഷേപമുള്ള ലാൻസർ ക്യാപ്റ്റലിന്റെ ചെയർമാനായ ആവ്‌റാം ഗ്ലേസേഴ്‌സ് ആണ് 2005 മുതൽ മാഞ്ചസ്റ്റർ യുണൈറ്റിന്റെ ചെയർമാൻ. യുഎഇ ടി20 ലീഗിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരമുള്ള ടൂർണമെന്റാകും യുഎഇ ടി20യെന്നും ഗ്ലേസേഴ്‌സ് പറഞ്ഞു.

ഗ്ലേസേഴ്‌സിനെപ്പോലെ കായികരംഗത്ത് വൻനിക്ഷേപമുള്ള ഒരു വ്യക്തിയെ യുഎഇ ടി20 ലീഗിന്റെ ഭാഗമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു. ആറ് ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആകെ 34 മത്സരങ്ങളാകും ഉണ്ടാകുക.