ധ്യാപകരുടെ നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദേശികൾക്ക് യുഎഇയിൽ അദ്ധ്യാപകരായി ജോലിചെയ്യാൻ നിശ്ചിത യോഗ്യതകൾ നിർബന്ധമാക്കുന്നു. സ്വന്തം രാജ്യത്ത് നിന്നുള്ള ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ യുഎഇയിൽ പഠിപ്പിക്കാൻ അനുവദിക്കൂവെന്നാണ് പുതിയ നിബന്ധന.

പൊതു-സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകർ, വൈസ് പ്രിൻസിപ്പൽമാർ, പ്രിൻസിപ്പൽമാർ, ക്ലസ്റ്റർ മാനേജർമാർ എന്നിവർക്ക് ഇതു ബാധകമാണ്. അടുത്തവർഷം ആദ്യപകുതിയിൽ ഈ സംവിധാനം നിലവിൽവരും. വിദേശത്ത് നിന്ന് എല്ലാ അദ്ധ്യാപകരും നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും.

പുതിയ സംവിധാനം അഞ്ചുവർഷംകൊണ്ട് പൂർണമായും നടപ്പാക്കും. 2021 ആകുമ്പോഴേക്കും എല്ലാ അദ്ധ്യാപകരും ഇതിന്റെ പരിധിയിൽ വരും.ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ആറുമാസം നീണ്ടുനിൽക്കുന്ന പ്രാഥമിക ഘട്ടത്തിന് ഈ അധ്യയനവർഷം തുടക്കമായിട്ടുണ്ട്. 750 അദ്ധ്യാപകരുടെ യോഗ്യതയും മറ്റും ഈ ഘട്ടത്തിൽ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ള അദ്ധ്യാപകരാണെങ്കിൽ രണ്ടുവർഷത്തെയും, ബിരുദവും ബിഎഡും ആണെങ്കിൽ നാലു വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണമെന്ന് പല സ്‌കൂളുകൾക്കും ഇതിനോടകം നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

അധ്യയനരംഗത്ത് വിദേശികൾക്ക് ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അദ്ധ്യാപകരുടെ ഇംഗ്ലിഷ് ഭാഷാ നിലവാരം ഉറപ്പാക്കാനും നടപടിയുണ്ടാകും. രാജ്യാന്തര നിലവാര പരീക്ഷയിൽ 6.5 എന്ന സ്‌കോർ നേടിയിരിക്കണം. സ്വദേശി അദ്ധ്യാപകർക്കു പ്രവൃത്തിപരിചയം നിർബന്ധമല്ലെങ്കിലും നിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല.