ദുബായ്: ന്യൂമീഡിയ ഉപയോഗിക്കുമ്പോൾ അതീവശ്രദ്ധാലുക്കളായില്ലെങ്കിൽ നഷ്ടം കനത്തത്തായിരിക്കും. പലർക്കും ഇത് അനുഭവമാണ്. യുഎഇയിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികമ്യൂണിക്കേഷൻസ് അഥോറിറ്റി. അക്കൗണ്ട് ഹൈജാക്ക് ചെയ്യാൻ പുതിയൊരു രീതി ഉപയോഗിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഒരു കോഡ് വെരിഫിക്കേഷൻ നമ്പർ അയച്ചു നൽകിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുകയെന്ന് ട്രാ മുന്നറിയിപ്പ് നൽകുന്നു.

വാട്‌സാപ്പിൽ പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്നതു പോലെയുള്ള ടെക്സ്റ്റ് മെസേജ് ആണ് സംഘം ഹൈജാക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. ഈ മെസേജിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പരും ആറക്കമുള്ള വാട്‌സാപ്പ് കോഡും ചേർക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാൽ മറ്റൊരു ലിങ്കിൽ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുക. ഇതിലൂടെ അക്കൗണ്ട് ഹാക്കിങ് ആണ് നടക്കുന്നത്.

ഈ തട്ടിപ്പിൽ വീഴരുതെന്നും നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പിൽ ആവർത്തിക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലുടെ എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ടെക്സ്റ്റ് സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ദ്ധർ നേരത്തെ തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.