ട്രംപിന് ഒന്നുതുള്ളിച്ചാടാൻ തോന്നുന്നു! നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇതാ ഒരുനിർണായക മുന്നേറ്റം; 49 വർഷത്തിന് ശേഷം ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ചരിത്രപ്രധാന കരാർ; അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയിലായത് ട്രംപിന്റെ മധ്യസ്ഥതയിൽ; ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് ഇസ്രയേൽ നിർത്തി വയ്ക്കും; കരാർ ഒരേസമയം ഫലസ്തീന് നേട്ടവും കോട്ടവും
- Share
- Tweet
- Telegram
- LinkedIniiiii
ദുബായ്: യുഎഇയും ഇസ്രയേലും പൂർണനയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കരാർ പ്രകാരം ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് നിർത്തി വയ്ക്കും. ഇസ്രയേലുമായി ധാരണയിൽ എത്തുന്ന ആദ്യ ഗൾഫ് അറബ് രാഷ്ട്രമാണ് യുഎഇ. ഇസ്രയേലുമായി സജീവ നയതന്ത്രബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ രാഷ്ട്രവും.
ഇരുരാഷ്ട്രങ്ങളുടെയും പ്രസ്താവനകൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കരാർ ശരിവച്ചു. എന്നാൽ, ചില ഫലസ്തീൻ നേതാക്കൾ കരാറിനെ വിമർശിച്ചു. ഏതായാലും ട്രംപിന് ഇത് നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള അപൂർവ നയതന്ത്രവിജയമാണ്. ഇസ്രയേലും ഫലസ്തീനും തമ്മിൽ സമാധാനം കൈവരുത്തുന്നതിനും, അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും പൂർണമായി ഫലം കാണാത്ത സാഹചര്യത്തിൽ ട്രംപിന് ഇത് വലിയ നേട്ടം തന്നെ. തിരഞ്ഞെടുപ്പിൽ ഉറക്കെയുറക്കെ പറയാൻ ഒരു നേട്ടം.
പൊതുസമ്മതമില്ലെങ്കിലും, അറബ് രാഷ്ട്രങ്ങളുമായി തന്റെ സർക്കാർ അടുത്ത ബന്ധം കാക്കുന്നുണ്ടെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വർഷങ്ങളായുള്ള വീരവാദം യാഥാർഥ്യമായ ദിവസം കൂടിയാണ്. ഫലസ്തീൻകാർ ആവശ്യപ്പെടുന്ന മേഖലകളിൽ കുടിയേറ്റക്കാരെ പ്രതിഷ്ഠിക്കുന്ന പതിവാണ് ഇസ്രേയൽ തുടരുന്നത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകളിലെ കൂടുതൽ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുകയും, മറ്റുമേഖലകളിൽ പരിമിതമായ സ്വയംഭരണാധികാരം പാല്സതീൻകാർക്ക് നൽകുകയുമാണ് നൈതന്യാഹു ചെയ്യുന്നത്. ഇതാകട്ടെ ട്രെപിന്റെ നിർദ്ദേശങ്ങളോട് ചേർന്നുനിൽക്കുകയും ചെയ്യുന്നു.
നേട്ടം കൊയ്തത് ട്രംപ്
യുഎഇയും ഇസ്രയേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായി. ട്രംപും അബുദബി കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണ് ചർച്ചയിലേർപ്പെട്ടത്. ഫോണിലൂടെയാണ് കരാർ നടപടികൾ നടത്തിയത്. 'ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേർപ്പെട്ടു' ട്രംപ് ട്വീറ്റ് ചെയ്തു. ചരിത്രപരമായ ഈ നയതന്ത്ര മുന്നേറ്റം മധ്യപൂർവേഷ്യ മേഖലയിൽ സമാധാനം കൈവരിക്കും. ഇതു മൂന്ന് നേതാക്കളുടെ ധീരമായ നയതന്ത്രത്തിനും കാഴ്ചപ്പാടിനും ഒരു തെളിവാണ്. ഈ മേഖലയുടെ വലിയ സാധ്യതകളെ തുറക്കുന്ന ഒരു പുതിയ പാത ഇസ്രായലും യുഎഇയും നിർമ്മിക്കും' ട്രംപ് പറഞ്ഞു.
ഇത് ശരിക്കും ചരിത്ര നിമിഷമാണ്. ജോർദാൻ-ഇസ്രയേൽ സമാധാന ഉടമ്പടി 25 വർഷത്തിനു മുമ്പ് ഒപ്പുവച്ചതുമുതൽ മധ്യപൂർവേഷ്യയിൽ സമാധാനം നിലനിർത്തുന്നതിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ മഞ്ഞ് ഉരുകിയിരിക്കുകയാണ്. കൂടുതൽ അറബ്, മുസ്ലിം രാഷ്ട്രങ്ങൾ യുഎഇയുടെ പാത പിന്തുടരുമെന്നാണ് കരുതുന്നത് ട്രംപ് കൂട്ടിച്ചേർത്തു. കരാറിന്റെ ഭാഗമായി 49 വർഷത്തിനുശേഷം ഇസ്രയേലും യു.എ.ഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂർണ്ണമായും സാധാരണമാക്കും. അവർ എംബസികളെയും അംബാസഡർമാരെയും കൈമാറ്റം ചെയ്യുകയും അതിർത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യും. വരും ആഴ്ചകൾക്കുള്ളിൽ കരാർ വൈറ്റ്ഹൗസിൽ വച്ച് ഒപ്പിടുമെന്ന് ട്രംപ് അറിയിച്ചു.
മുഖം കറുപ്പിച്ച് ഫലസ്തീൻ
മധ്യപുർവേഷ്യയിൽ സഹിഷ്ണുതയുടെ ഒരുദീപസ്തംഭമായി മാറാനുള്ള യുഎഇയുടെ അന്താരാഷ്ട്ര പരിശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ കരാർ. അയൽ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ, യുഎഇക്ക് ഒരു പൊൻതൂവൽ. അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അറബ് രാഷ്്ട്രങ്ങളുടെ പിന്തുണയെ ആശ്രയിച്ചിരുന്ന ഫലസ്തീൻകാർക്കാവട്ടെ, ഈ പ്രഖ്യാപനം ഒരേസമയം, നേട്ടവും തിരിച്ചടിയുമാണ്. വ്യാഴാഴ്ചത്തെ കരാർ ഇസ്രയേലിന്റെ അധിനിവേശ ശ്രമങ്ങൾക്ക് തടയിടുമെങ്കിലും കോട്ടവുമുണ്ട്. ഇസ്രയേലുമായി തങ്ങൾ സമാധാന കാരറിൽ എത്തുകയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്നത് വരെ, അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കരുതെന്ന ആഹ്വാനത്തിന് ഏറ്റ തിരിച്ചടിയാണ് ഈകരാർ.
ഫലസ്തീനോട് അധിനിവേശ കാലം മുതൽ അനധികൃതമായി ചെയ്തുകൊണ്ടിരുന്നത് ഇതുവരെ തുറന്നുസമ്മതിക്കാതിരുന്ന ഇസ്രയേലിന് കിട്ടിയ സമ്മാനമാണിതെന്ന് മുതിർന്ന ഫലസ്തീൻ ഉദ്യോഗസ്ഥ ഹനാൻ അർഷാവി പറഞ്ഞു. യുഎഇ തങ്ങളുടെ രഹസ്യധാരണ കരാറിലൂടെ പരസ്യമാക്കിയെന്നും അവർ വിമർശിച്ചു.
അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഈജിപ്റ്റിനും ജോർദ്ദാനും മാത്രമേ ഇസ്രയേലുമായി സജീവ ബന്ധമുള്ളു. ഈജിപ്റ്റ് 1979 ലും ജോർദ്ദാൻ 1994 ഉം ഇസ്രയേലുമായി സമാധാന കരാറിലെത്തി. മൗറിറ്റാനിയ 199 ൽ ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും, ഇസ്രയേലിന്റെ ഗസ്സയുദ്ധത്തെ ചൊല്ലി 2009 ൽ ബന്ധം മുറിച്ചു.