യുഎഇ ആഭ്യന്തര മന്ത്രാലയം അടുത്തിടെ തുടങ്ങിയ ഓൺലൈൻ വിസ സേവനത്തിന് കൂടുതൽ സൗകര്യങ്ങൾ. കരുതൽ നിക്ഷേപം ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും വഴി തിരിച്ചുനൽകുന്ന സംവിധാനമാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. വിസയെടുത്തയാൾ കാലാവധിക്ക് ശേഷം രാജ്യം വിട്ടാൽ സ്വമേധയാ പണം അക്കൗണ്ടിലെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

യുഎഇ ആഭ്യന്തര മന്ത്രാലയം അടുത്തിടെ തുടങ്ങിയ ഓൺലൈൻ വിസ സേവനത്തിനായി നൽകുന്ന കരുതൽ നിക്ഷേപം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി തിരിച്ചുനൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കിയതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്തിരിക്കുന്നതെന്ന് ആക്ടിങ് അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലാലി പറഞ്ഞു.

സ്വദേശിയോ റെസിഡൻസ് വിസയുള്ളയാളോ സ്‌പോൺസർ ചെയ്യുന്ന 30, 90 ദിവസ സന്ദർശക വിസക്കാണ് കരുതൽ നിക്ഷേപം നൽകേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ഫോൺ ആപ്‌ളിക്കേഷനിലൂടെയോ അപേക്ഷ സമർപ്പിക്കാം. കരുതൽ നിക്ഷേപം ക്രെഡിറ്റ് കാർഡ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ അടക്കാം. വിസ എടുത്തയാൾ കാലാവധിക്ക് ശേഷം രാജ്യം വിട്ടാലോ അപേക്ഷ തള്ളിയാലോ പണം ഇതേ അക്കൗണ്ടിലേക്ക് തിരികെ നൽകും. നിശ്ചിത കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങി നിയമലംഘനം നടത്തിയാൽ കരുതൽ നിക്ഷേപം തിരികെ നൽകില്ല.

സ്മാർട്ട് ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായാണ് മന്ത്രാലയം കൂടുതൽ ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തിവരുന്നത്. സേവനങ്ങൾ സംബന്ധിച്ച പരാതികളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് മന്ത്രാലയത്തെ അറിയിക്കാം. 8005000 എന്ന ടോൾഫ്രീ നമ്പറും smart@moi.gov.ae എന്ന ഇമെയിലും ഇതിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.