ദുബായ്: ചെറിയ തോതിൽ വിദേശികൾ ഗതാഗത നിയമലംഘനം നടത്തിയാൽ അവരെ പിഴയിൽ നിന്നും ഒഴിവാക്കുമെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ടാണ് അടുത്തിടെ ഇത്തരത്തിലൊരു സന്ദേശം വ്യാപകമാകാൻ തുടങ്ങിയത്.

ദുബായിൽ സന്ദർശനത്തിന് എത്തിയ വ്യക്തിയാണോ നിങ്ങൾ. ഗതാഗത നിയമം ലംഘിച്ചതിന് നിങ്ങളെ റഡാറിലും കാമറയിലും പതിഞ്ഞെങ്കിലും യുഎഇയുടെ അതിഥിയായതിനാൽ നിങ്ങൾക്ക് പിഴ ചുമത്തുന്നില്ലെന്നും നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ ഈ സന്ദേശം തങ്ങളുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പ്രചരിപ്പിക്കുന്നതാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ദുബായ് പൊലീസിന്റെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തിയിരിക്കുകയാണ്.

ഏറെ വർഷം മുൻപ് തീരെ ചെറിയ വീഴ്ചകൾ വരുത്തുന്ന വിദേശികൾക്ക് സന്തോഷപ്രചാരണത്തിന്റെ ഭാഗമായി ഗതാഗത ഫൈനിൽ നിന്ന്? ഇളവു നൽകിയിരുന്നു. എന്നാൽ സമീപനാളുകളിലൊന്നും അത്തരമൊരു തീരുമാനം യു.എ.ഇ കൈക്കൊണ്ടിട്ടില്ല എന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി.