യുഎഇയിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങൾ നടപ്പിലാകാൻ രണ്ട് ദിവസം കൂടി മാത്രം ബാക്കി. ജൂലൈ ഒന്ന് മുതൽ നടപ്പിലാകുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ദുബൈയിൽ പുതിയ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി ചുരുങ്ങുകയും അബൂദബിയിൽ ട്രാഫിക് പിഴകൾ കൂടുതൽ കർശനമാകുകയും ചെയ്യുംയ

ദുബൈയിൽ ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് രണ്ടുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് നൽകുക. മറ്റു രാജ്യങ്ങളിലെ ലൈസൻസ് ദുബൈയിൽ മാറ്റിയെടു ക്കുന്നവർക്കും ലൈസൻസ് കാലാവധി രണ്ടുവർഷമായിരിക്കും. രണ്ടുവർഷത്തിന് ശേഷം ഡ്രൈവിങ് ലൈസൻസ് പുതുക്കുമ്പോൾ പ്രവാസികൾക്ക് അഞ്ചുവർഷത്തെ കാലാവധിയുള്ള ലൈസൻസ് നൽകും. എന്നാൽ സ്വദേശികൾക്ക് പത്തുവർഷത്തെ കാലാവധിയുള്ള ലൈസൻസാകും ലഭിക്കുക. നേരത്തേ പ്രവാസികൾക്കും പത്തുവർഷംകാലാവധിയുള്ള ലൈസൻസാണ് നൽകിയിരുന്നത്. 21 വയസിന് താഴെയുള്ളവർക്ക് നൽകുന്ന ഡ്രൈവിങ് ലൈസൻസിന് ഒരു വർഷം മാത്രമേ കാലാവധിയുണ്ടാവുകയുള്ളു.

അബൂദബിയിൽ ചുവപ്പ് സിഗ്‌നൽ മറി കടക്കുന്നവർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും പിഴ ലഭിക്കും. ഒരുമാസം വാഹനം പിടിച്ചുവെക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 400 ദിർഹം പിഴകിട്ടും. പത്ത് വയസിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാലും, സുരക്ഷാസീറ്റില്ലാതെ പിൻസീറ്റിൽ ഇരുത്തിയാലും 400 ദിർഹം പിഴയുണ്ടാകും. യാത്രക്കാരെ
കൊണ്ടുപോകാനുള്ള ലൈസൻസില്ലാതെ ആളെ കൊണ്ടുപോയാൽ 3000 ദിർഹമാണ് പിഴ.

ഒരു വാഹനം പിടിച്ചെടുത്തശേഷം നിർദിഷ്ട സമയപരിധിക്കുശേഷം തിരിച്ചെടുക്കാനുള്ള നടപടിയിൽ കാലതാമസം വരുത്തിയയാൽ ദിവസേന 50 ദിർഹം പിഴ ഈടാക്കും.