യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്സ് എയർലൈൻ ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിലൂടെ വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനം ദുബായ് വിസ പ്രോസസിങ് സെന്റർ (ഡി.വി.പി.സി.) ലഭ്യമാക്കി. ഡി.വി.പി.സി. പുറത്തിറക്കിയ മൊബൈൽ ആപ് ഉപയോഗിച്ച് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിസയ്ക്ക് അപേക്ഷ നൽകുകയും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യാം.

ഈ ആപ്പിൽ ഒറ്റത്തവണ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം. സ്മാർട്ട്ഫോൺ ഉടമകൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾസ് ആപ് സ്റ്റോറിൽനിന്നോ ഡി.വി.പി.സി മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം. ഈ ആപ് വഴി യാത്രക്കാർക്ക് 96 മണിക്കൂർ, 30 ദിവസം, അല്ലെങ്കിൽ 90 ദിവസത്തെ സിംഗിൽ എൻട്രി വിസയ്ക്ക് അപേക്ഷ നൽകാം.

എമിറേറ്റ്സ് ഫ്ളൈറ്റ് പുറപ്പെടുന്നതിനു നാലു രാജ്യാന്തര പ്രവർത്തി ദിനങ്ങൾക്ക് മുമ്പ് അപേക്ഷ നൽകണം. എക്സ്പ്രസ് വിസ സർവിസ് ഉപയോഗിച്ച് രണ്ടു ദിവസം മുൻപുവരെ അപേക്ഷിക്കാം.എമിറേറ്റ്സ് എയർലൈൻ, ദുബൈ ഗവൺമെന്റ് എന്നിവയ്ക്കായി വിസ പ്രോസസിങ് നടത്തുന്നതിനു മാത്രമായി 2002-ൽ വി.എഫ്. എസ് ഗ്ലോബൽ രൂപം കൊടുത്തിട്ടുള്ള പ്രത്യേക വിഭാഗമാണ് ദുബായ് വിസ േപ്രാസസിങ് സെന്റർ.