ദുബൈ: തൊഴിൽ തർക്കത്തിന്റെ പേരിൽ വിസ റദ്ദാക്കുന്ന നടപടി പല തൊഴിലുടമകളുടെ സ്വീകരിക്കാറുണ്ട്. വിസ റദ്ദാക്കിയശേഷമാകും തൊഴിലാളി ഇത് അറിയുന്നതുപോലും. എന്നാൽ ഇനി ഇത്തരം നടപടിയെടുക്കാ നാകില്ലെന്ന് യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു.

വിസ റദ്ദുചെയ്യാൻ തൊഴിലാളിയുടെ കൈയൊപ്പ് വേണമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തൊഴിൽ തർക്കമുണ്ടാകുന്ന സാഹചര്യത്തിൽ തൊഴിലാളിയുടെ സമ്മതമില്ലാതെ വിസ റദ്ദാക്കാൻ പാടില്ല. രണ്ടു ദിവസം ജോലിയിൽ നിന്നു അവധിയെടുത്ത ഒരാളുടെ വീസ റദ്ദാക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ദുബൈ മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം തലവൻ മുഹമ്മദ് മുബാറക് ഇക്കാര്യം അറിയിച്ചത്.

സ്‌പോൺസറും തൊഴിലാളിയും തമ്മിൽ തൊഴിൽ തർക്കമുണ്ടായാൽ പരിഹരിക്കാൻ നിയമവഴികൾ സ്വീകരിക്കണം. തൊഴിൽ മന്ത്രാലയവും തൊഴിലാളിയും സ്‌പോൺസറും കൂടിയാലോചിച്ചു കാര്യങ്ങൾ ഒത്തുതീർപ്പാക്കണം. നിയമം ലംഘിക്കുന്ന തൊഴിലാളികൾക്കു നിയമാനുസൃതമുള്ള ശിക്ഷ നൽകുകയും ചെയ്യും.

രാജ്യം വിട്ട തൊഴിലാളിയുടെ വീസയാണു റദ്ദാക്കുന്നതെങ്കിൽ താമസ കുടിയേറ്റ വകുപ്പിൽ നിന്ന് രാജ്യം വിട്ട തീയതി തെളിയിക്കുന്ന രേഖ സമർപ്പിക്കണം. ആറു മാസം കഴിഞ്ഞാൽ മാത്രമാണു ഈ തൊഴിലാളികളുടെ ലേബർകാർഡ് റദ്ദാക്കാനാവുക. ഇത്തരം നിയമവ്യവസ്ഥകൾ വിസ റദ്ദാക്കുന്നതിനു മുമ്പ് നിർബന്ധമായും പാലിച്ചിരിക്കണം.

അതേസമയം തൊഴിലാളിയുടെ ആവശ്യപ്രകാരമാണു വിസ റദ്ദാക്കുന്നതെങ്കിൽ അപേക്ഷകളിൽ തൊഴിലാളിയുടെ കയ്യൊപ്പുണ്ടായിരിക്കണം.