ദുബായ്: സന്ദർശക വിസക്കാർക്ക് ഇരുട്ടടി നല്കുന്ന പുതിയ വിസ വ്യവസ്ഥകൾ നാളെ മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. സന്ദർശകവിസകളുടെ നിരക്ക് 45 ശതമാനം വർധിപ്പിച്ചും കാലാവധി ദീർഘിപ്പിച്ചുനൽകുന്നത് നിർത്തലാക്കിയതുമാണ് വിസിറ്റിങ് വിസക്കാർക്ക് ഇരുട്ടടിയാകുന്നത്.

ഇതോടെ രു മാസത്തിലധികം താമസിക്കേണ്ടി വരുന്നവർക്ക് രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചുവരേണ്ട അവസ്ഥയാണ് ഇനി ഉണ്ടാകുക. നിലവിൽ പിഴയോടുകൂടി പത്ത് ദിവസം വരെയും തുടർന്നും താമസിക്കേണ്ടവർക്ക് വീണ്ടും ദീർഘിപ്പിച്ചുനൽകുകയും ചെയ്യുന്നുണ്ട്.
പുതിയ വ്യവസ്ഥ നിലവിൽ വരുന്നതോടെ ഏജൻസികൾ ഈടാക്കുന്ന തുക ഇനിയും ഉയരും. പലതവണ രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുന്ന 'മൾട്ടിപ്പിൾ എൻട്രി' സന്ദർശക വിസകൾക്കുള്ള ഓൺലൈൻ അപേക്ഷകൾക്ക് 550 ദിർഹമാക്കിയതായും ദുബായ് ഇമിഗ്രേഷൻ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

നിലവിൽ ഇമിഗ്രേഷൻ നിയമപ്രകാരം ഓൺലൈൻ മുഖേനയുള്ള ' സിംഗിൾ എൻട്രി ' ടൂറിസ്റ്റ് വിസകൾക്ക് 210 ദിർഹം( 3,486 രൂപ ) ആണ് ഈടാക്കുന്നത്. വ്യാഴാഴ്ച മുതൽ ഇത് 300 ദിർഹം ( 4,980 രൂപ) ആകും. സ്വകാര്യ ടൂറിങ് ഏജൻസികൾ ചിലപ്പോൾ 550 ദിർഹം ( 9,130 രൂപ) വരെ ഈടാക്കുന്നുണ്ട്. വിസ ദീർഘിപ്പിക്കുന്നതിന് 650 ദിർഹം ( 10,790 രൂപ ) മുതൽ 850 ദിർഹം ( ഏകദേശം 14,110 രൂപ ) വരെയും ഈടാക്കുന്നുണ്ട്.

പുതിയനിയമം പ്രാബല്യത്തിൽ വന്നതോടുകൂടി, നേരത്തേ ടൂറിസ്റ്റ് വിസകൾ ബുക്ക് ചെയ്തവർക്ക് പുതുക്കിയ നിരക്ക് അടയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷം ബുക്ക് ചെയ്തതും വ്യാഴാഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യുന്നവരുമായ യാത്രക്കാരിൽ നിന്ന് പുതുക്കിയ നിരക്ക് ഈടാക്കുമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.ടൂറിസ്റ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ചു നൽകുന്നതല്ലെന്നും
ഏജൻസികൾ യാത്രക്കാരെ അറിയിക്കുന്നുണ്ട്. ചൊവ്വാഴ്ച മുതൽ ഇതുസംബന്ധിച്ച അറിയിപ്പുകൾ ഇമെയിൽ വഴി യാത്രക്കാർക്ക് നൽകുന്നുണ്ട്. മന്ത്രിസഭയുടെ 2014ലെ 22ാം ഭേദഗതി പ്രകാരമാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരുന്നത്.