തിരുവനന്തപുരം: 'യു.എ.പി.എ, എൻ.എസ്.എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക'- സിപിഎം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രതിഷേധ പരിപാടിയുടെ മുദ്രാവാക്യമാണ് ഇത്. യുഎപിഎ ചുമത്തി അലൻ, താഹ എന്നീ യുവാക്കളെ അറസ്റ്റു ചെയ്യാൻ കൂട്ടുനിന്ന പിണറായി സർക്കാർ തന്നെ ഇതേ ആവശ്യം ഉന്നയിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പലവിധത്തിലാണ് പ്രതിഷേധങ്ങളും പരിഹാസങ്ങളും ഉയരുന്നത്.

വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ചു കൊണ്ട് അലന്റെ മാതാവ് സബിത ശേഖറും രംഗത്തെത്തി. സിപിഎമ്മിന്റെ പ്രതിഷേധ പോസ്റ്ററിനും താഴെയാണ് സബിത ശേഖർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 'കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ' എന്നാണ് സബിത ശേഖർ പോസ്റ്ററിന് താഴെ കമന്റ് ചെയ്തത്. സിപിഎം സംസ്ഥാനം ഭരിക്കുമ്പോൾ സിപിഎം അംഗങ്ങളായ വിദ്യാർത്ഥികളെ മാവോയിസ്റ്റ് എന്ന് ആരോപിച്ച യു.എ.പി.എ ചുമത്തി ജയിലിലടച്ചതിനെതിരെ പാർട്ടിക്കകത്ത് തന്നെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കേസിൽ അറസ്റ്റിലായ അലൻ ഷുഅൈബ് കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂർ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാംവർഷ വിദ്യാർത്ഥി കൂടിയാണ്. കണ്ണൂർ സ്‌കൂൾ ഓഫ് ജേണലിസത്തിലെ വിദ്യാർത്ഥിയായ താഹ ഫസൽ സിപിഎം പാറമേൽ ബ്രാഞ്ച് കമ്മറ്റി അംഗമാണ്.

ഓഗസ്റ്റ് 23ന് 16 ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സിപിഐ.എം അംഗങ്ങളും അനുഭാവികളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും വീട്ടുമുറ്റത്തും പാർട്ടി ഓഫീസുകളിലും സത്യഗ്രഹം നടത്തുന്നത്. വൈകുന്നേരം 4 മണി മുതൽ 4.30 വരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുക. 5 ലക്ഷം കേന്ദ്രങ്ങളിലായി 20 ലക്ഷമാളുകൾ കേരളത്തിൽ സത്യഗ്രഹത്തിന്റെ ഭാഗമാകും.

കഴിഞ്ഞ നവംബർ ഒന്നിനു വൈകുന്നേരമാണ് അലൻഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും ബാനറുകളും ഇവരിൽ നിന്നു കണ്ടെടുത്തു എന്നാണ് പൊലീസ് ഭാഷ്യം. പിന്നീട് എൻ.ഐ.എ കേസ് ഏറ്റെടുത്തു. കേസിൽ മാപ്പുസാക്ഷിയാകാൻ എൻ.ഐ.എയുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ അലൻ കോടതിയിൽ പറഞ്ഞിരുന്നു.

അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ സിപിഎമ്മിനെ പരിഹസിച്ചു കൊമ്ടാണ് ഡോ. ആസാദ് രംഗത്തെത്തിയത്. അലൻ താഹമാരുടെ പേരിൽ യുഎപിഎ ചുമത്തി കേസ് എൻഐഎയ്ക്ക് കൈമാറിയ സിപിഎമ്മിന് ഇരട്ട മുഖമാണോ എന്ന ചോദ്യമാണ് ആസാദ് ഉയർത്തിയത്. കേരള സിപിഎമ്മിന്റെ കണ്ണു തുറപ്പിക്കാനാവുമോ ഈ കേന്ദ്ര സമരപദ്ധതി എന്ന് പരിഹസിച്ച് ഡോക്ടർ ആസാദ് ഫേസ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

ആസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

കേരളത്തിലെ സി പി എം തമിഴ്‌നാടും കർണാടകയും തെലങ്കാനയുമൊക്കെ ഉൾപ്പെടുന്ന ഇതര ഇന്ത്യൻ സി പി എമ്മിനൊപ്പം സമരം ചെയ്യുന്നതായി പോസ്റ്റർ കണ്ടു. നല്ല കാര്യം. അഭിവാദ്യം. യുഎപിഎ, എൻ എസ് എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക എന്ന ആവശ്യം പ്രസക്തം തന്നെ. ഒരു തെളിവും കിട്ടാതിരുന്നിട്ടും അലൻ താഹമാരുടെ പേരിൽ യു എ പി എ ചുമത്തി കേസ് എൻ ഐ എയ്ക്കു വിട്ടുകൊടുക്കാൻ ഉത്സാഹിച്ച സർക്കാറാണ് കേരളത്തിലേത്. അതിനു നേതൃത്വം കൊടുക്കുന്ന സിപിഐഎം എന്ന രാഷ്ട്രീയ പാർട്ടിയാണ് ഇപ്പോൾ യു എ പി എ പ്രകാരം അറസ്റ്റു ചെയ്തവരെ വിട്ടയക്കണം എന്നു പറയുന്നത്..! മറ്റൊരു കേസിൽ യു എ പി എ ഒഴിവാക്കിയ കോടതിവിധിക്കെതിരെ അപ്പീൽ പോകുന്നതായും ഈ സർക്കാറിനെപ്പറ്റി കേട്ടിട്ടുണ്ട്. രണ്ടു മുഖമുള്ള വിചിത്ര ജീവിയാണോ ഈ സി പിഎം?

പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ വിജ്ഞാപനം (കരട്) പിൻവലിക്കണമെന്നും കേന്ദ്ര സി പി എമ്മിന്റെ അതേ ആവശ്യം കേരള സി പി എമ്മും ഉയർത്തുന്നു. വളരെ നല്ല കാര്യം. പക്ഷെ, ആളുകൾ ചോദിച്ചുപോകും' എൽ ഡി എഫ് സർക്കാർ എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിച്ചില്ല' എന്ന്. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട കാര്യമായിരുന്നില്ലേ അത്? എന്നാൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി എന്ന നാണംകെട്ട നിലപാടാണ് കേരള സിപിഎം സ്വീകരിച്ചത്. പക്ഷെ അഖിലേന്ത്യാ പാർട്ടിയുടെ ഭാഗമാണെന്ന് നടിക്കാതെ തരമില്ലല്ലോ!

ദളിതർ, ആദിവാസികൾ, എന്നിവർക്കു നേരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കു ശിക്ഷ ഉറപ്പാക്കുക എന്ന ആവശ്യവും കൊള്ളാം. കേരളത്തിൽ അത്തരം കേസുകളിലെ അനുഭവം നമുക്കു മുന്നിലുണ്ട്. വാളയാറും പാലത്തായിയും അവസാനത്തെ ഉദാഹരണങ്ങളാണ്. വാസ്തവത്തിൽ കേരള സി പി എമ്മിന്റെ കണ്ണു തുറപ്പിക്കാനാവുമോ ഈ കേന്ദ്ര സമരപദ്ധതി? കോളേജ് സർവ്വകലാശാലാ അവസാന വർഷ വിദ്യാർത്ഥികൾക്ക് മുൻ സെമസ്റ്ററുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിരുദം നൽകുക എന്ന ആവശ്യത്തോടും എനിക്കു യോജിപ്പ്. പക്ഷെ കേരളത്തിലെ സി പി എം അതിനോടും യോജിക്കാൻ സാദ്ധ്യത കുറവാണ്. സംഘടനാ പ്രവർത്തകരെ അതു പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടല്ലോ.

ഏതായാലും സിപിഐ എം അഖിലേന്ത്യാ നേതൃത്വം ഉന്നയിച്ച മുദ്രാവാക്യം പ്രസക്തമാണ്. ആ സമരത്തിന് ഐക്യദാർഢ്യം. ഒപ്പം കേരള ഘടകത്തെ തിരുത്താൻ ത്രാണിയില്ലാതെ പോയ നേതൃത്വത്തെക്കുറിച്ച് അൽപ്പം അനുതാപവും രേഖപ്പെടുത്താതെ വയ്യ.
ഡോ.ആസാദ്