തിരുവനന്തപുരം: സംസ്ഥാനത്തെ യു.എ.പി.എ കേസുകളുടെ വിവരങ്ങൾ നിയമസഭയെ അറിയിക്കാതെ സർക്കാർ. ആർ.എംപി എംഎ‍ൽഎ കെ.കെ. രമയുടെ ചോദ്യങ്ങൾക്ക് വിശദാംശങ്ങൾ നൽകാനാവില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസായതിനാലാണ് വിവരങ്ങൾ നൽകാൻ സാധിക്കാത്തതെന്നാണ് വിശദീകരണം.

കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര പേർക്കെതിരെയാണ് യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുള്ളതെന്നും ഇവരുടെ പേരുവിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും നൽകണമെന്നാണ് രമ ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനത്ത് യു.എ.പി.എ കേസുകളിൽപ്പെട്ട് വിചാരണ തടവുകാരായി എത്ര പേർ കഴിയുന്നുവെന്നും ഇവരുടെ പേരിൽ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ എന്നിവയും രമ ചോദിച്ചു.

ഇവർ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയിൽവാസത്തിന്റെ കാലാവധി എത്രയാണെന്നും നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളിലൂടെ രമ ആരാഞ്ഞു. എന്നാൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഉൾപ്പെടുന്നതും പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങൾ നൽകുവാൻ കഴിയില്ലെന്നാണ് ഈ മൂന്ന് ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യു.എ.പി.എ ചുമത്തപ്പെട്ട കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ടതും പിൻവലിക്കപ്പെട്ടതുമായി കേസുകളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു കേസിൽ ശിക്ഷ വിധിച്ചുവെന്നും നാല് കേസ് പിൻവലിച്ചുവെന്നും മുഖ്യമന്ത്രി മറുപടി നൽകി. വണ്ടിപ്പെരിയാർ, നോർത്ത് പറവൂർ, നടക്കാവ്, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഷനുകളിൽ ചുമത്തിയ കേസുകളാണ് പിൻവലിച്ചത്.

യു.എ.പി.എ കേസുകളിൽ സിപിഐ.എമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു.