ദുബായ്: യുഎഇയിൽ ഈ വർഷം ഫീസ് വർധനയ്ക്ക് അനുവാദം ചോദിച്ച് അപേക്ഷ നല്കിയത് 35 സ്‌കൂളുകൾ. കെഎച്ച്ഡിഎയുടെ സ്‌കൂൾ പരിശോധനാ ഫലം പ്രഖ്യാപിച്ച ശേഷമാണു വർധനയ്ക്കായി അപേക്ഷ നൽകിയത്.

കെഎച്ച്ഡിഎയ്ക്കു കീഴിലുള്ള പ്രത്യേക സമിതിയാണു അപേക്ഷകൾ പരിശോധിക്കുക. അതേസമയം, ദുബായിൽ 21 സ്‌കൂളുകൾക്ക് ഫീസ് വർധനയ്ക്കു അവകാശമില്ലെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ് സ്റ്റാറ്റിക്‌സ്റ്റിക്‌സ് സെന്ററിന്റെ മാനദണ്ഡങ്ങൾക്കു അനുസരിച്ചാണു സ്‌കൂളുകൾ വിദ്യാഭ്യാസ ചെലവ് അടിസ്ഥാനമാക്കേണ്ടത്. ഇതനുസരിച്ചാണ് ഫീസ് വർധനയുടെ തോത് നിശ്ചയിക്കുക.

കെഎച്ച്ഡിഎയുടെ പരിശോധനയിൽ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചവർക്ക് ഫീസ് വർധനയിൽ കാര്യമായ മാറ്റം വരുത്താൻ അനുമതി നൽകും. സ്റ്റാറ്റിക്‌സ്റ്റിക്‌സ് സെന്ററിന്റെ നിർദിഷ്ട തോത് ഇരട്ടിയാക്കാൻ വരെ ഇത്തരം സ്‌കൂളുകൾക്ക് സാധിക്കും. നല്ലത് എന്ന പട്ടികയിലാണ് സ്‌കൂളുകളുടെ സ്ഥാനമെങ്കിൽ നിശ്ചിത തോതിൽ നേരിയ മാറ്റം സാധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ സ്വീകാര്യം, ദുർബലം വിഭാഗത്തിലുള്ള സ്‌കൂളുകൾക്ക് നിർദിഷ്ട തോതിൽ യാതൊരു മാറ്റവും അനുവദിക്കില്ലെന്നാണു അധികൃതരുടെ നിലപാട്.

കെഎച്ച്ഡിഎയ്ക്കു പുറമേ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ, സാമ്പത്തിക മന്ത്രാലയം, ദുബായ് സ്റ്റാറ്റിക്‌സ്റ്റിക്‌സ് സെന്റർ, സർക്കാർ സാമ്പത്തിക കാര്യാലയങ്ങൾ, ചേംബർ ഓഫ് കൊമേഴ്‌സ്, ദുബായ് റിയൽ എസ്റ്റേറ്റ് കമ്പനി എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ അടങ്ങിയതാണ് സ്‌കൂൾ ഫീസ് നിർണയ സമിതി.

ഇതിനിടെ, സ്‌കൂളുകൾ ഫീസ് നിശ്ചയിക്കാത്തിതിനാൽ പല രക്ഷിതാക്കൾക്കും ഇതുവരെ ഫീസ് അടയ്ക്കാൻ സാധിച്ചിട്ടില്ല. ഏപ്രിലിൽ പുതിയ അധ്യായനം വർഷം ആരംഭിച്ച ഇന്ത്യൻ സ്‌കൂളുകളും ഫീസ് തീരുമാനിക്കാനാക്കത് ആശങക്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇതുമൂലം രക്ഷിതാക്കൾക്ക് ഫീസ് അടയ്ക്കനാകുന്നില്ല.