സ്‌ക്കോക്കി (ഇല്ലിനോയ്): ഊബർ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ എലിസ വാസ്നിയെ എന്ന 19 കാരിക്ക് 27 വർഷത്തെ ജയിൽ ശിക്ഷ. കൊലപാതകം നടത്തുമ്പോൾ പ്രതിക്ക് 16 വയസ്സായിരുന്നു പ്രായം. കുക്ക് കൗണ്ടി ജഡ്ജി തിമോത്തി ചേമ്പേഴ്സാണ് ശിക്ഷ വിധിച്ചത്. 2017 മെയ്‌ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 3.30നാണ് ഷിക്കാഗോ സ്‌ക്കോക്കിയിലുള്ള വാൾമാർട്ടിനു സമീപത്തു നിന്നാണ് എലിസ യുബറിൽ കയറിയത്.

പിൻസീറ്റിലിരുന്നിരുന്ന ഇവർ യാതൊരു പ്രകോപനവുമില്ലാതെയാണ് സ്റ്റോറിൽ നിന്നും മോഷ്ടിച്ച കത്തി കൊണ്ടു 37കാരനായ യുബർ ഡ്രൈവറുടെ പുറകിൽ തുടരെ തുടരെ കുത്തിയത്. കുത്തേറ്റ യുബർ ഡ്രൈവർ കാറിൽ നിന്നും ഇറങ്ങി ഓടി സമീപത്തുള്ള വീടിനു സമീപമെത്തി സഹായം അഭ്യർത്ഥിച്ചു. രക്തം വാർന്ന നിലയിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിനു ശേഷം യുബർ കാറുമായി രക്ഷപ്പെട്ട എലിസയുടെ വാഹനം അപകടത്തിൽപെട്ടു. പൊലീസ് എത്തി എലിസയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പിന്നീട് ടേയ്സർ പ്രയോഗം നടത്തിയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. പതിനാറു വയസ്സായിരുന്നു പ്രായമെങ്കിലും അഡൽട്ട് ആയിട്ടാണ് ഇവർക്കെതിരെ കൊലപാതകകുറ്റം ചുമത്തിയതെന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു.

ലിങ്കൻ വുഡിൽ 2006 ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു കൊലപാതകം നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.