ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞ ഊബർ ടാക്‌സിക്ക് അടുത്തയാഴ്ചമുതൽ ലണ്ടനിൽ നിരോധനമേർപ്പെടുത്താനുള്ള ലണ്ടൻ മേയർ സാദിഖ് ഖാന്റെ തീരുമാനം പെരുവഴിയിലാക്കുന്നത് 40,000-ത്തോളം പേരെ. സെപ്റ്റംബർ 30-നുശേഷം ഊബർ ടാക്‌സിക്ക് ലണ്ടനിൽ നിരോധനമേർപ്പെടുത്താനാണ് മേയറുടെ തീരുമാനം. ഇതിനെതിരെ ഊബർ കൊണ്ട് ഉപജീവനം നടത്തുന്ന നാലുലക്ഷത്തിലേറെപ്പേർ ഒപ്പിട്ട നിവേദനം മേയർക്ക് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം. എംപിമാരടക്കമുള്ള ജനപ്രതിനിധികളും തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സാദിഖ് ഖാന്റെ തീരുമാനം വൻതുക ടാക്‌സി വാടക കൊടുക്കേണ്ട പൂർവസ്ഥിതിയിലേക്ക് ജനങ്ങളെ കൊണ്ടുപോകുമെന്നും അത് വലിയ പിഴവായി മാറുമെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

യാത്രക്കാരുടെ സുരക്ഷയുടെ പേരിലാണ് ഊബർ ടാക്‌സിക്ക് നിരോധനമേർപ്പെടുത്താൻ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ തീരുമാനിച്ത്. ഈ തീരുമാനം അംഗീകരിക്കുകയാണ് മേയർ ചെയ്തത്. എന്നാൽ, ചെറുപ്പക്കാരടക്കം ഊബറിന്റെ ഉപഭോക്താക്കളിൽനിന്ന് ശക്തമായ വിമർശനമാണ് ഇതുയർത്തിയത്. മൊബൈൽ ആപ്പിലൂടെ നമ്മൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് ടാക്‌സി വിളിക്കാനും നിലവിലുള്ളതിനെക്കാൾ വളരെക്കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും സഹായിക്കുന്ന ഊബർ യാത്രക്കാർക്ക് അനുഗ്രഹമായിരുന്നുവെന്ന് അവർ പറഞ്ഞു.

നിരോധനമെന്ന ഒറ്റവാക്കിലൂടെ സാദിഖ് ഖാൻ ഇല്ലാതാക്കിയത് 40,000-ത്തോളം വരുന്ന ഊബർ ഡ്രൈവർമാരുടെ ഉപജീവനമാർഗമാണെന്ന് ടോറി മിനിസ്റ്റർ ഫോർ ലണ്ടൻ ഗ്രെഗ് ഹാൻഡ്‌സ് പറഞ്ഞു. ഇതിലൂടെ 35 ലക്ഷത്തോളം ഊബർ ഉപഭോക്താക്കളെയും അദ്ദേഹം എതിരാക്കി മാറ്റി. എന്നാൽ, സുരക്ഷയെക്കുറിച്ചുയർന്ന ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ ഊബർ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പഞ്ഞു. എന്നാൽ, ഒറ്റയടിക്കുള്ള നിരോധനം ലക്ഷക്കണക്കിന് വരുന്ന ലണ്ടൻവാസികൾക്ക് തിരിച്ചടിയാകും. ഊബർ ചില കാര്യങ്ങൾ ഇനിയും ശരിയാക്കേണ്ടതുണ്ടെന്ന് സമ്മതിച്ചാലും ഒറ്റയടിക്കുള്ള നിരോധനം അംഗീകരിക്കാനാവില്ലെന്ന് ക്രോയ്ഡൺ സൗത്തിൽനിന്നുള്ള ടോറി എംപി ക്രിസ് ഫിലിപ്പ് പറഞ്ഞു. സാദിഖ് ഖാൻ തീരുമാനം ഉടൻതന്നെ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതുമയെയും മാറിവരുന്ന ലോകക്രമത്തെയും അംഗീകരിക്കാൻ ലണ്ടൻ മേയർ തയ്യാറല്ലെന്നതാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് ഊബർ വക്താവ് പറഞ്ഞു. ഇന്നലെയാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ ഊബറിനെ നഗരത്തിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് പിൻവലിക്കുന്ന വിവരം അറിയിച്ചത്. ഇതേത്തുടർന്ന് സാദിഖ് ഖാൻ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടന്റെ ചെയർമാൻകൂടിയാണ് മേയർ.

അമേരിക്കൻ കമ്പനിയായ ഊബറിന് ലണ്ടനിലേർപ്പെടുത്തിയ വിലക്ക് ആഗോളതലത്തിൽ പ്രതിഫലിക്കുമെന്നും സൂചനയുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ഊബറിനെതിരെ സുരക്ഷാപാളിച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു. ലണ്ടന് പിന്നാലെ മറ്റു വൻനഗരങ്ങളിലും ഇതേ മാതൃകയിലുള്ള തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഊബർ, ദിവസം ഒരു കോടി ട്രിപ്പുകളെങ്കിലും ലോകമെമ്പാടുമായി നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 7,000 കോടി ഡോളറാണ് കമ്പനിയുടെ ആസ്തിയായി കണക്കാക്കുന്നത്. 2009-ൽ സ്ഥാപിക്കപ്പെട്ട കമ്പനി, ഇതിനകം ലോകത്തെ 81 രാജ്യങ്ങളിലെ 630 നഗരങ്ങളിലായി 500 കോടി ആളുകൾക്കെങ്കിലും സേവനം നൽകിയതായും കണക്കാക്കുന്നു.