- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തറ്റ് സനൽ ആശുപത്രിയിൽ എത്തിയപ്പോൾ ലഹരി മാഫിയയുടെ തമ്മിൽ തല്ല് പൊലീസ് അറിഞ്ഞു; പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ വീട്ടിലെത്തിയ പൊലീസ് കണ്ടത് രക്തം വാർന്ന് മരിച്ചു കിടന്ന സമ്പത്തിനെ; ഊബർ ഡ്രൈവറുടെ കൊലയ്ക്ക് പിന്നിൽ കുടിപ്പക; സജാദിനെ തേടി പൊലീസ്
തിരുവനന്തപുരം. തലസ്ഥാനത്ത് ലഹരി സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ കൊല്ലപ്പെട്ടു. ചാക്ക ട്രാവൻകൂർ മാളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഊബർ ഡ്രൈവർ സമ്പത്താണ് കൊല്ലപ്പെട്ടത്. കഴുത്തിലും കാലിലും മാരകമായി പരിക്കേറ്റ് ചോര വാർന്ന് മരിച്ച നിലയിലാണ് സമ്പത്തിനെ പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ പെരുമാതുറ സ്വദേശി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാരകമായി പരിക്കേറ്റ സനൽ അനന്തപുരി ആശുപത്രിയിൽ ചികിൽസയിലാണ്. മറ്റൊരു പ്രതിയായ പുതുക്കുറിച്ചി സ്വദേശി സജാദിനെ ഉടൻ അറസ്റ്റ് ചെയ്യും.
പുലർച്ച രണ്ട് മണിയോടെയാണ് കുത്തേറ്റ നിലയിൽ സനലിനെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വഞ്ചിയൂർ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം ആശുപത്രിയിലെത്തുകയായിരുന്നു. സനൽ പറഞ്ഞതനുസരിച്ച് സമ്പത്തിനെ കസ്റ്റഡിയിലെടുക്കുന്നതിനായാണ് പൊലീസ് സമ്പത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയത്. എന്നാൽ അപ്പോൾ സമ്പത്ത് രക്തം വാർന്ന് മരിച്ചുകഴിഞ്ഞിരുന്നു.
ലഹരികടത്തുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇവർ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറയുന്നു. സനലിനെ സമ്പത്ത് കുത്തുകയും സനൽ കുത്തിയ കത്തി പിടിച്ചുവാങ്ങി സമ്പത്തിനെ തിരിച്ചുകുത്തുകയുമായിരുന്നു. കുത്തേറ്റ സനലിനെ ആശുപത്രിയിലെത്തിച്ച ശേഷം സജാദ് കടന്നുകളഞ്ഞു.
അതേസമയം കഴുത്തിലും കാലിലും കുത്തേറ്റ സമ്പത്ത് വീട്ടിൽ കിടന്ന് ചോരവാർന്ന് മരിച്ചു. സംഭവം ഉടൻ അറിഞ്ഞതിനാൽ സജാദിനെ പെട്ടെന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചു എന്നാണ് സൂചന. ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ