- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞാടി എംഗോളോ കാന്റെ; ചാമ്പ്യൻസ് ലീഗിലെ കിരീടക്കുതിപ്പിൽ ചെൽസിയുടെ ജീവനാഡി; സ്വപ്ന നേട്ടമില്ലാതെ നീലക്കുപ്പായം അഴിച്ച് അഗ്യൂറോ; സിറ്റിക്ക് തിരിച്ചടിയായത് പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പരീക്ഷണങ്ങൾ
പോർട്ടോ: ലോകഫുട്‌ബോളിലെ രണ്ട് സൂപ്പർ താരങ്ങൾ. ഒരാൾ ഫ്രഞ്ച് മധ്യനിരയിലേയും ചെൽസിയിലെയും ജീവനാഡിയായ എംഗോളോ കാന്റെ. മറ്റൊരാൾ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പിന് എന്നും എഞ്ചിനായി മാറിയിട്ടുള്ള അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോ.
ഇരുവരും മുഖാമുഖം വന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരാൾ കിരീടനേട്ടത്തിൽ വിജയതാരമായി മാറി. യഥാർത്ഥ ചാമ്പ്യൻ. അത് മറ്റാരുമല്ല പ്രതിരോധത്തിലായാലും മധ്യനിരയിലായാലും മുന്നേറ്റത്തിലായാലും എപ്പോഴും നൂറുമേനി മികവ് പുറത്തെടുക്കുന്ന കാന്റെ
റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിൽ ഫ്രഞ്ച് നിരയുടെ കുതിപ്പിൽ നമ്മൾ അതു കണ്ടതാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചെൽസി ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടപ്പോൾ അവിടേയും കാന്റെ തന്നെയാണ് താരം. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടു പാദങ്ങളിലും ഫൈനലിലും കളിയിലെ താരമായത് ഈ ഫ്രഞ്ച് താരമാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്കു വരിഞ്ഞുകെട്ടിയ കാന്റേയുടെ പ്രകടനമായിരുന്നു പോർട്ടോയിൽ കണ്ടത്. കൗണ്ടറുകളോ ത്രൂ പാസുകളോ നടത്താനാകാതെ സിറ്റി താരങ്ങൾ കുഴങ്ങി. റഹീം സ്റ്റെർലിങ്ങും ഫിൽ ഫോഡനും ബെർണാടോ സിൽവയും കെവിൻ ഡി ബ്രുയിനുമെല്ലാം ഗോളിനായി ദാഹിച്ചു.
കാന്റെയുടെ ഈ പ്രകടനം കണ്ട് ചെൽസിയുടെ മുൻതാരം റാമിറസ് പറഞ്ഞത് സമാനതകളില്ലാത്ത താരം എന്നായിരുന്നു. 'ബഹളങ്ങളില്ലാത്ത, നാണംകുണുങ്ങിയായ താരമാണ് കാന്റെ.പക്ഷേ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലും അവനുണ്ടാകും. പ്രതിരോധത്തിലായാലും മധ്യനിരയിലായാലും മുന്നേറ്റത്തിലായാലും അവനെ കാണാം. അവൻ ലോകത്തെ മികച്ച താരമാണ്.' റാമിറസ് പറയുന്നു.
2014-ൽ ഫ്രഞ്ച് ലീഗിൽ ശ്രദ്ധ നേടിയ കാന്റെ 2015-ലാണ് ലെസ്റ്റർ സിറ്റിയിലൂടെ ഇംഗ്ലണ്ടിലെത്തുന്നത്. തൊട്ടടുത്ത വർഷം ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടി. 2017-ൽ ചെൽസിക്കൊപ്പവും പ്രീമിയർ ലീഗ് കിരീടനേട്ടം. 2018-ൽ ഫ്രാൻസിനൊപ്പം ലോകകിരീടം, 2019-ൽ ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടിരിക്കുന്നു. കാന്റെയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.
അതേ സമയം മാഞ്ചസ്റ്റർ സിറ്റിയിൽ അർജന്റൈൻ താരം സെർജിയോ അഗ്യൂറോയുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ. എന്നാൽ കണ്ണീരോടെ സിറ്റിയോട് വിട പറയാനായിരുന്നു താരത്തിന്റെ വിധി. അഗ്യൂറോ അടുത്ത സീസണിൽ ബാഴ്‌സലോണയിലായിരിക്കും കളിക്കുക. പത്ത് സീസണിൽ സിറ്റിയിൽ കളിച്ച അഗ്യൂറോയാണ് ഒരു പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരം.
ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ അഗ്യൂറോയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചെൽസി കിരീടം നേടുകയായിരുന്നു. കരുത്തരായ സിറ്റിക്കെതിരെ കരുതലോടെയാണ് ചെൽസി തുടങ്ങിയത്. കളിക്കിടെ പരിക്കേറ്റ് തിയാഗോ സിൽവ പുറത്തായത് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും 42-ാം മിനുറ്റിൽ കായ് ഹാവെർട്‌സിന്റെ ഗോൾ വിധിയെഴുതി.
രണ്ടാംപകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ കത്രികപ്പൂട്ടിട്ട് ചെൽസി പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഫൈനലിന്റെ ആവേശം കടുത്തപ്പോൾ കെവിൻ ഡിബ്രൂയിനും കളി മതിയാക്കാതെ കളംവിട്ടു. തുടരെ തുടരെ ചെൽസി ബോക്‌സിലേക്ക് സിറ്റി പന്തെത്തിച്ചെങ്കിലും ഗോൾ പിറന്നില്ല. ചാമ്പ്യൻസ് ലീഗിലെ ആദ്യ കിരീടം ലക്ഷ്യമിട്ടെത്തിയ സിറ്റിയെ സൂപ്പർ താരം സെർജിയോ അഗ്യൂറോയ്ക്കും രക്ഷിക്കാനായില്ല.
ലോക ഫുട്‌ബോളിലെ രണ്ട് മികവുറ്റ തന്ത്രജ്ഞരുടെ നേർക്കുനേർ പോരാട്ടമായിക്കൂടി വിലയിരുത്തപ്പെട്ട മത്സരത്തിൽ, സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളെ കടത്തിവെട്ടി ചെൽസി പരിശീലകൻ തോമസ് ടൂഹലും വിജയക്കൊടി നാട്ടി. കഴിഞ്ഞ സീസണിൽ പിഎസ്ജി പരിശീലകനെന്ന നിലയിൽ ബയൺ മ്യൂണിക്കിനു മുന്നിൽ കിരീടം അടിയറവു വച്ച ടൂഹൽ, ഇക്കുറി ചെൽസി പരിശീലകനെന്ന നിലയിൽ കിരീടം വീണ്ടെടുക്കുന്നതിനും മത്സരം വേദിയായി. ടൂഹലിനു പുറമെ കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റ പിഎസ്ജി ടീമിൽ അംഗമായിരുന്ന ബ്രസീൽ താരം തിയാഗോ സിൽവയ്ക്കും കിരീടവഴിയിലേക്കുള്ള തിരിച്ചുനടത്തമായി, ഈ മത്സരം.
ടീം സിലക്ഷനിൽ ഉൾപ്പെടെ ഗ്വാർഡിയോള വരുത്തിയ പിഴവുകളും മത്സരത്തിൽ ചെൽസിക്ക് സഹായകമായി. മധ്യനിരയിൽ അപ്രതീക്ഷിത അഴിച്ചുപണി വരുത്തി ആക്രമണത്തിന് മുൻതൂക്കം നൽകി ടീമിനെ ഇറക്കിയ ഗ്വാർഡിയോളയുടെ നീക്കം ഫലത്തിൽ സിറ്റിയെ തിരിച്ചടിച്ചു. ഫെർണാണ്ടീഞ്ഞോ, റോഡ്രി എന്നിവരെ ബെഞ്ചിലിരുത്തിയതോടെ സിറ്റിക്ക് മധ്യനിരയിലെ കടിഞ്ഞാൺ നഷ്ടമായി. സിറ്റിയുടെ നെടുന്തൂണായ കെവിൻ ഡിബ്രൂയ്‌നെ രണ്ടാം പകുതിയുടെ തുടക്കത്തിൽ പരുക്കേറ്റ് പുറത്തുപോകുക കൂടി ചെയ്തത് ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ജർമൻ പരിശീലകൻ തോമസ് ടൂഹലിനു കീഴിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെൽസി സിറ്റിയെ തോൽപ്പിക്കുന്നത്.
ചെൽസി പരിശീലകൻ തോമസ് ടൂഷേലിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം. കഴിഞ്ഞ സീസണിൽ പിഎസ്ജി പരിശീലകനായിരുന്ന ടൂഷേൽ ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും ബയേൺ മ്യൂണിക്കിന് മുന്നിൽ കിരീടം അടിയറവെച്ചു. ഇത്തവണ എല്ലാ പഴുതുകളും അടച്ച് ഇറങ്ങിയ ടൂഷേലിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ തന്ത്രങ്ങളുടെ ആശാനായ പെപ് ഗ്വാർഡിയോളക്ക് പിഴച്ചു. അവസാന ചിരി ടൂഷേലിന്റേതായി.
സ്പോർട്സ് ഡെസ്ക്