കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ.സി.പി.ഉദയഭാനു വിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി. ഉബൈദ് പിന്മാറി. കൊലക്കേസിൽ ഏഴാം പ്രതിയായിരുന്നു ഉദയഭാനു.അഡ്വ.ബി.രാമൻപിള്ള മുഖേനയാണ് ഉദയഭാനു മുൻകൂർ ജാമ്യഹർജി നൽകിയത്. നേരത്തെ കേസിൽ ഉദയഭാനുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് കോടതി നിർദേശിച്ചിരുന്നു.

റിയൽ എസ്റ്റേറ്റ് ഇടപാട് തുടങ്ങിയതു മുതൽ രാജീവും ഉദയഭാനുവും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നതിന്റെ തെളിവുകൾ പൊലീസിന് ശേഖരിച്ചിരുന്നു. കൂടാതെ രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.ആരോപണവിധേയനായ അഭിഭാഷകൻ സി.പി.ഉദയഭാനു രാജീവിന്റെ വീട്ടിലെത്തുന്നതും രാജീവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജീവിന്റെ വീട്ടിലെ ക്യാമറയിൽ നിന്നാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള നാല് പ്രതികളെയും ഇവരെ കൃത്യത്തിന് നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികളിൽ ചിലർ മൊഴി നൽകിയിരുന്നു.

രാജീവ് വധത്തിൽ ഉദയഭാനുവിന് വ്യക്തമായ പങ്കുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് രാജീവിന്റെ മകൻ അഖിൽ കോടതിയിൽ ഹരജി നൽകി. ഉദയഭാനുവിന്റെ ഭീഷണി നിലവിലുണ്ടായിരുന്നു എന്നും ഹരജിയിൽ അഖിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്